തിരുവനന്തപുരം : രാജ്യത്തിന് ആവശ്യം റബ്ബര്‍ സ്റ്റാംപ് പ്രസിഡന്‍റിനെയല്ലെന്ന് പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ. നിശബ്ദനായ പ്രസിഡന്‍റിനെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഭരിക്കുന്നവരോട് പറ്റില്ലെന്ന് പറയാന്‍ ധൈര്യമുള്ള പ്രസിഡന്‍റിനെയാണ് വേണ്ടത്.
ആ ധൈര്യം തനിക്കുണ്ടെന്നും യശ്വന്ത് സിന്‍ഹ തിരുവനന്തപുരത്ത് പറഞ്ഞു. സ്വത്വങ്ങള്‍ തമ്മിലല്ല ആശയങ്ങള്‍ തമ്മിലാണ് മത്സരം. ജനക്ഷേമമല്ല, പകരം എങ്ങനെയും തെരഞ്ഞെടുപ്പ് ജയിച്ച് ഭരണത്തില്‍ തുടരാനാണ് കേന്ദ്രസര്‍ക്കാറിനെ നയിക്കുന്ന ബിജെപിയുടെ ശ്രമം.
ബി.ജെ.പി ആശയങ്ങള്‍ രാജ്യത്തിന് ആപത്താണ്. ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ ഇതിനെതിരെ പോരാടണം. ഇതിനായാണ് തന്‍റെ മത്സരമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
നോട്ട് നിരോധനം രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണ്. നോട്ട് നിരോധനത്തിലൂടെ എത്ര കള്ളപ്പണം തിരികെ ലഭിച്ചുവെന്ന് ആര്‍ക്കും മനസ്സിലായിട്ടില്ല. അഗ്നിപഥ് പോലെ ജനങ്ങളെ വെല്ലുവിളിച്ച് സേനകളെ ഉപയോഗിച്ച് നടത്തുന്ന ഇത്തരം കളികള്‍ രാജ്യത്തിന് ആപത്താണ്.
പദ്ധതി മണ്ടത്തരമാണെന്നും സിന്‍ഹ പറഞ്ഞു. യു.ഡി.എഫ്, എല്‍.ഡി.എഫ് എംപിമാരും എം.എല്‍.എമാരുമായുമുള്ള ആശയവിനിമയത്തിന് ശേഷം സംസാരിക്കുകയായിരുന്നു യശ്വന്ത് സിന്‍ഹ.