താനെ (മഹാരാഷ്‌ട്ര) : കാമുകിയെ കാര്‍ കയറ്റി അപായപ്പെടുത്താന്‍ ശ്രമിച്ച കേസ് (Thane run-over case) അന്വേഷിക്കാൻ പ്രത്യേക സംഘത്തെ (എസ്‌ഐടി) നിയോഗിച്ചതായി താനെ പൊലീസ് കമ്മീഷണർ (സിപി) ജയ് ജീത് സിംഗ് (Thane Commissioner of Police Jai Jeet Singh). അശ്വജിത് അനിൽ ഗെയ്‌ക്‌വാദ് (Ashwajit Anil Gaikwad) പ്രതിയായ കേസിന്‍റെ അന്വേഷണം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അമർ സിംഗ് ജാദവിന്‍റെ നേതൃത്വത്തിലായിരിക്കും നടക്കുകയെന്ന് കമ്മീഷണർ അറിയിച്ചു. ഐഎഎസ് ഉദ്യോഗസ്ഥൻ അനിൽ ഗെയ്‌ക്‌വാദിന്‍റെ മകനാണ് കേസിലെ പ്രതിയായ അശ്വജിത്.
താനെയിലെ ഗോഡ്ബന്ദർ റോഡിലെ ഔല ഏരിയയിലാണ് സംഭവം നടന്നത് (Boyfriend crushed his girlfriend under car). അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഡിസംബര്‍ 11 ന് പുലർച്ചെ 4.30 ഓടെ ഗോഡ്ബന്ദർ റോഡിൽ ഔലയിലെ ഹോട്ടലിന് സമീപത്തുവച്ച് അശ്വജിത് ഗെയ്‌ക്‌വാദ് യുവതിയെ കാണാൻ വിളിക്കുകയായിരുന്നു.
പിന്നാലെ ചില കാരണങ്ങളാൽ ഇവർ തമ്മിൽ തർക്കമുണ്ടാവുകയും തുടര്‍ന്ന് അശ്വജിത് കാമുകിയെ ക്രൂരമായി മർദിച്ച്, തന്‍റെ സുഹൃത്തുക്കളോട് യുവതിയുടെ മേൽ കാർ ഓടിച്ചുകയറ്റാന്‍ ആവശ്യപ്പെടുകയും ആയിരുന്നു. പ്രതി അശ്വജിത് ഗെയ്‌ക്‌വാദ് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആക്രമണം നടത്തിയതെന്ന് കാമുകി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ അശ്വജിത് ഉൾപ്പടെ മൂന്ന് പേർക്കെതിരെയാണ് കാസർവാഡ്വാലി പൊലീസ് സ്റ്റേഷനിൽ കേസെടുത്തത്. അശ്വജിത്തിന്‍റെ സുഹൃത്തുക്കളായ റോമിൽ പാട്ടീലും സാഗർ ഷെൽക്കെയുമാണ് കേസിലെ മറ്റ് പ്രതികള്‍. കേസിന്‍റെ എല്ലാ വശങ്ങളും പരിഗണിച്ചുവരികയാണെന്ന് ജയ് ജീത് സിംഗ് പറഞ്ഞു. സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും ഫോറൻസിക് തെളിവുകൾ ശേഖരിക്കുകയും ചെയ്‌തുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പൊലീസിനെതിരെ യുവതി : അതേസമയം, പൊലീസിനെതിരെ, ക്രൂരമായ അക്രമണത്തെ അതിജീവിച്ച യുവതി രംഗത്തെത്തി. തന്നെ ചില പേപ്പറുകളിൽ ഒപ്പിടാൻ പൊലീസ് നിർബന്ധിച്ചു എന്നാണ് ആരോപണം. താൻ ഒപ്പിടാൻ സമ്മതിച്ചില്ലെന്നും യുവതി പറയുന്നു.
"ഇന്നലെ രാത്രി ചില പൊലീസുകാർ വന്നു. അവർ എന്നെ നിർബന്ധിച്ച് എന്തോ ഒപ്പിടാൻ നിർബന്ധിച്ചു. പക്ഷേ ഞാൻ നിരസിച്ചു. കാരണം എനിക്ക് വക്കീലില്ല, എന്‍റെ വീട്ടുകാരും കൂടെയില്ല. നാളെ എന്ത് സംഭവിച്ചാലും ഇപ്പോൾ ഇതിൽ ഒപ്പിടൂ എന്ന് പറഞ്ഞാണ് അവർ എന്നെ നിർബന്ധിച്ചത്. ഞാൻ ഒപ്പിടാത്തതിനാൽ ദേഷ്യപ്പെട്ടാണ് അവർ പോയത്.
പ്രധാനമന്ത്രിയിലും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയിലും വലിയ വിശ്വാസമുണ്ട്. എനിക്ക് നീതി വേണം' - യുവതി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 279 (അശ്രദ്ധമായി പൊതുവഴിയിൽ വാഹനമോടിക്കുക), 338 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തിയിലൂടെ ഗുരുതരമായ പരിക്കേൽപ്പിക്കുക), 323 (ഉപദ്രവിക്കുന്നതിനുള്ള ശിക്ഷ), 504 (മനപ്പൂർവ്വം അപമാനിക്കൽ), 34 (പൊതു ഉദ്ദേശ്യത്തോടെ നിരവധി വ്യക്തികൾ ചേർന്ന് ചെയ്യുന്ന കൃത്യം) എന്നിവ പ്രകാരമാണ് അശ്വജിത് ഗെയ്‌ക്‌വാദിനും മറ്റ് പ്രതികൾക്കുമെതിരെ കേസെടുത്തിട്ടുള്ളത്.
നേരത്തെ കാമുകൻ അശ്വജിത് ഗെയ്‌ക്‌വാദ് തന്നെ മാരകമായി ആക്രമിച്ചതായി യുവതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണ വിവരം പുറത്തറിയുന്നത്. പ്രതികളിൽ പൊലീസുകാരന്‍റെയടക്കം മകനും ഉൾപ്പെട്ടതിനാൽ കേസ് ഒതുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ആരോപണം ഉയർന്നിരുന്നു.