ശ്രീനഗർ: കാലിഫോർണിയ ബദാം(ബദാം ഗിരി) ഇറക്കുമതിയുടെ പേരിൽ നിയന്ത്രണ രേഖ വഴി പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് വൻ തോതിൽ പണം കൈമാറിയ സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) ജമ്മു കശ്‌മീരിലെ ഒൻപത് സ്ഥലങ്ങളിൽ റെയ്‌ഡ് നടത്തി.
ജമ്മു കശ്‌മീർ പൊലീസ്, സിആർപിഎഫ്, ഐടിബിപി എന്നിവയുടെ സഹായത്തോടെയാണ് എൻഐഎ പൂഞ്ച് ജില്ലയിലെ വ്യാപാരികളുടെ സമീപത്ത് പരിശോധന നടത്തിയത്. റെയ്‌ഡിൽ സംശയാസ്‌പദമായ വിവിധ സ്ഥലങ്ങളിൽ നിന്നും രേഖകളും വിവിധ ഡിജിറ്റൽ ഉപകരണങ്ങളും മറ്റ് വസ്‌തുക്കളും എൻഐഎ പിടിച്ചെടുത്തു.
ബാരാമുള്ള ജില്ലയിലെ സലാമാബാദിലും ഉറിയിലും പൂഞ്ച് ജില്ലയിലെ ചക്കൻ-ദ-ബാഗിലെയും നിയന്ത്രണ രേഖകളിലെ വ്യാപാര കേന്ദ്രങ്ങൾ വഴിയാണ് കാലിഫോർണിയ ബദാം ഇറക്കുമതി ചെയ്‌തത്. നിയന്ത്രണ രേഖകളിലെ വ്യാപാര കേന്ദ്രങ്ങൾ വഴി നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം സംബന്ധിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ 2016 ഡിസംബർ 16നാണ് എൻഐഎ എഫ്ഐആർ ഫയൽ ചെയ്യുന്നത്.
ജമ്മു കശ്‌മീരും പാകിസ്ഥാൻ അധിനിവേശ കശ്‌മീരും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ 2008ലാണ് നിയന്ത്രണ രേഖ വഴിയുള്ള വ്യാപാരം ആരംഭിച്ചത്. ബാർട്ടർ സമ്പ്രദായം അടിസ്ഥാനമാക്കി നടന്നിരുന്ന വ്യാപാരത്തിൽ മൂന്നാം കക്ഷി ഉൽപ്പന്നങ്ങൾ അനുവദനീയമല്ല.
Also Read: ജമ്മുവിൽ ഡ്രോൺ വഴി ഉപേക്ഷിച്ച ആയുധങ്ങൾ കണ്ടെടുത്തു