ഹൈദരാബാദ്: തെലങ്കാനയിൽ ലോക്ക്‌ഡൗൺ നീട്ടുന്ന വിഷയം ചർച്ച ചെയ്യുന്നതിനായി ജൂൺ എട്ടിന് മന്ത്രിസഭ യോഗം ചേരും. മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്‍റെ നേതൃത്വത്തിൽ ഉച്ചയ്‌ക്ക് രണ്ട് മണിക്ക് അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയിലാണ് യോഗം ചേരുക. നിലവിലെ കൊവിഡ് സ്ഥിതി, പൊതുജനാരോഗ്യം, പ്രതിരോധ നടപടികൾ, മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ എന്നീ വിഷയങ്ങൾ പ്രധാനമായും യോഗത്തിൽ ചർച്ച ചെയ്യും. കൂടാതെ ജലസേചന പദ്ധതികൾ, മഴക്കാലത്ത് കൃഷിക്കാവശ്യമായ ജലലഭ്യതയും അനുബന്ധ പ്രവർത്തനങ്ങളും അവലോകനം ചെയ്യും.
Read More: തെലങ്കാന ആശ്വാസതീരത്തേക്ക്: കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ്, രോഗ മുക്തി നിരക്കില്‍ വര്‍ധന
കർഷകർക്കുള്ള ധനസഹായം, വ്യാജ വിത്തുകളുടെ വിൽപന നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ, രാസവളങ്ങളുടെയും കീടനാശിനികളുടെയും ലഭ്യത, മറ്റ് കാർഷിക പ്രശ്‌നങ്ങൾ എന്നിവയും ചർച്ച ചെയ്യും. നിലവിൽ സംസ്ഥാനത്ത് തുടരുന്ന ലോക്ക്‌ഡൗൺ ജൂൺ ഒമ്പതിന് അവസാനിക്കും. രണ്ടാം കൊവിഡ് തരംഗത്തെ തുടർന്ന് മെയ് 12 മുതലാണ് ലോക്ക് ഡൗൺ ആരംഭിച്ചത്. ഇക്കാലയളവിൽ രാവിലെ ആറ് മണി മുതൽ പത്ത് വരെ നിയന്ത്രണങ്ങൾക്ക് ഇളവ് ഉണ്ടായിരുന്നു. പിന്നീട് കൂടുതൽ ഇളവുകളോടെ പത്ത് ദിവസത്തേക്ക് കൂടി ലോക്ക്‌ഡൗൺ നീട്ടുകയായിരുന്നു.