ഹൈദരാബാദ്: തെലങ്കാനയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മുനുഗോഡ് മണ്ഡലം മുഖ്യ എതിരാളിയായ ബിജെപിയെ തറപറ്റിച്ച്, കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്ത് ടിആര്‍എസ്. ബിജെപിയുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സംസ്ഥാനം ഭരിക്കുന്ന കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ പാര്‍ട്ടി മുനുഗോഡില്‍ വിജയക്കൊടി പാറിച്ചത്. 10,113 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ടിആര്‍എസിന്‍റെ കുസുകുന്തള പ്രഭാകർ റെഡ്ഡി, സിറ്റിങ് എംഎല്‍എയും കോണ്‍ഗ്രസ് വിട്ട് ബിജെപി സ്ഥാനാര്‍ഥിയായ കോമതിറെഡ്ഡി രാജഗോപാൽ റെഡ്ഡിയെ തോല്‍പ്പിച്ചത്.
15 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോഴാണ് ടിആര്‍എസിന്‍റെ അട്ടിമറി വിജയം സ്ഥിരീകരിച്ചത്. ലഭ്യമാവുന്ന അന്തിമ കണക്ക് പ്രകാരം ടിആർഎസ് 96,598 വോട്ടാണ് നേടിയത്. ബിജെപി (86,485), കോൺഗ്രസ് (23,864) എന്നിങ്ങനെയാണ് നില. 2,25,192 വോട്ടാണ് ആകെ ബാലറ്റുപെട്ടിയില്‍ വീണത്. 47 സ്ഥാനാർഥികള്‍ മത്സരിച്ച ഈ ഉപതെരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് (NOTA) 482 വോട്ടാണ് ലഭിച്ചത്.
ബിജെപി പണമെറിഞ്ഞ് 'ഓപ്പറേഷന്‍ താമര' നടത്തിയിട്ടാണ് കോണ്‍ഗ്രസ് എംഎല്‍എയെ തങ്ങളുടെ പക്ഷത്തെത്തിച്ചതെന്നാണ് സംസ്ഥാനത്ത് പരക്കെയുള്ള അഭ്യൂഹം. ഇതിനെ ശക്തിപ്പെടുത്തുന്നതാണ് ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പ് ടിആര്‍എസ് എംഎല്‍എമാരെ പണം നല്‍കി വശത്താക്കാന്‍ എത്തിയ നാല് ബിജെപി ഏജന്‍റുമാരെ പൊലീസ് പിടികൂടിയത്. ഇതിന് നേതൃത്വം നല്‍കിയതില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയ്‌ക്ക് വ്യക്തമായ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തരത്തില്‍ മുഖ്യമന്ത്രി കെസിആര്‍ വാര്‍ത്താസമ്മേളനത്തില്‍ തെളിവുകള്‍ പുറത്തുവിട്ടിരുന്നു.