ഹൈദരാബാദ് : കൊവിഡ് വ്യാപനം കണക്കിലെടുത്ത് തെലങ്കാനയിൽ ലോക്ക്ഡൗണ്‍ പത്ത് ദിവസത്തേക്ക് കൂടി നീട്ടി. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ നേതൃത്വത്തിൽ കൂടിയ കാബിനറ്റ് യോഗത്തിലാണ് തീരുമാനം. രാവിലെ ആറ് മുതൽ വൈകിട്ട് അഞ്ച് മണിവരെ ലോക്ക്ഡൗണിൽ ഇളവുണ്ട്.
വൈകിട്ട് 6 മുതൽ അടുത്ത ദിവസം രാവിലെ 6 വരെ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. അതേസമയം കൊവിഡ് സ്ഥിതിഗതികൾ ഇതുവരെ നിയന്ത്രണത്തിലായിട്ടില്ലാത്ത് ഏഴ് നിയമസഭ മണ്ഡലങ്ങളിൽ നിലവിലെ സമയ ഇളവുകളോടെ തന്നെ ലോക്ക്ഡൗണ്‍ തുടരാനും യോഗത്തിൽ തീരുമാനിച്ചു.
സട്ടുപള്ളി, മദിര, നൽഗൊണ്ട, നാഗാർജുന സാഗർ, ദേവർക്കൊണ്ട, മുനുഗോഡ്, മിരിയാൽഗുഡ എന്നീ മണ്ഡലങ്ങളിലാണ് ഇപ്പോഴത്തെ സ്ഥിതിയിൽ ലോക്ക്ഡൗണ്‍ തുടരാൻ തീരുമാനിച്ചത്. സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ഈ നിയോജകമണ്ഡലങ്ങൾ സന്ദർശിച്ച മെഡിക്കൽ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ശുപാർശ പ്രകാരമാണ് തീരുമാനം.
ALSO READ: കൊവിഡ് : 10,12 മദ്രസ ക്ളാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി യു.പി സര്‍ക്കാര്‍
രണ്ടാം കൊവിഡ് തരംഗത്തെ തുടർന്ന് മെയ് 12 മുതലാണ് ലോക്ക് ഡൗൺ ആരംഭിച്ചത്. ഇക്കാലയളവിൽ രാവിലെ ആറ് മണി മുതൽ പത്ത് വരെ നിയന്ത്രണങ്ങൾക്ക് ഇളവ് ഉണ്ടായിരുന്നു. പിന്നീട് കൂടുതൽ ഇളവുകളോടെ പത്ത് ദിവസത്തേക്ക് കൂടി ലോക്ക്‌ഡൗൺ നീട്ടുകയായിരുന്നു.