ന്യുഡൽഹി : തെരഞ്ഞെടുപ്പിന് തയ്യാറായി തെലങ്കാന. 119 ലോക്‌സഭ സീറ്റുകളിലേക്ക് ഇതുവരെ 1000 പേർ അപേക്ഷിച്ചതായി തെലങ്കാന കോണ്‍ഗ്രസ് അറിയിച്ചു. തെലങ്കാനയിലെ ഈ മാറ്റം കോൺഗ്രസിന് ശുഭ പ്രതീക്ഷയാണ് നൽകുന്നത്.
"ഞങ്ങൾക്കു വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 119 ലോക്‌സഭാ സീറ്റുകളിലേക്ക് ഇതു വരെ 1,009 അപേക്ഷകർ അപേക്ഷിച്ചു. ചില സീറ്റുകളിലേക്ക് 15 സ്ഥാനാർത്ഥികൾ വീതമുണ്ട്. ഇത് കാണിക്കുന്നത് തെലങ്കാനയിലെ വളരെ ശുഭ സൂചകമായ മാറ്റമാണ്." തെലങ്കാന എഐസിസി ഇൻ ചാർജ് മാണിക്കാറോ താക്കറെ ഇടിവി ഭാരതിനോട് പറഞ്ഞു. ജനറൽ വിഭാഗത്തിലേക്ക് അപേക്ഷയ്ക്കായി ഒരാൾക്ക് 50,000 രൂപയും എസ്‌സി എസ്‌ടി വിഭാഗത്തിലേയ്‌ക്ക് 25,000 രൂപയുമാണ് കോണ്‍ഗ്രസ് ഈടാക്കുന്നത്. പാർട്ടിയുടെ ഖജനാവ് നിറയ്‌ക്കാനാണ് ഇത്രയും കൂടിയ തുക ഈടാക്കുന്നതെന്ന ആരോപണത്തെ അദ്ദേഹം നിഷേധിച്ചു.
"കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു അപേക്ഷയ്ക്ക് രണ്ട് ലക്ഷം രൂപയോളം അപേക്ഷയ്‌ക്കായി പാർട്ടി ഈടാക്കിയിരുന്നു. എന്നാൽ തെലങ്കാനയിൽ ഞങ്ങൾ തുക കുറച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മാത്രം ടിക്കറ്റിന് അപേക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക എന്നതായിരുന്നു ആശയത്തിനു പിന്നിൽ.
സംവരണ വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് മാത്രം ഇളവ് നൽകി. അപേക്ഷകളിലൂടെ ശേഖരിക്കുന്ന ഫീസ് സംസ്ഥാന ഘടകത്തിന്‍റെ പ്രചാരണത്തിന് ഉപയോഗിക്കും", താക്കറെ പറഞ്ഞു. എഐസിസി യോഗ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താൻ വിവിധ തരത്തിലുള്ള സർവേകൾ നടത്തി വരികയാണ്.
സ്ഥാനാർത്ഥികളുടെ പശ്ചാത്തലം കൂടി അന്വേഷിച്ചതിന് ശേഷം മാത്രമേ സ്ഥാനാർഥിയെ തീരുമാനിക്കുകയുള്ളു എന്ന് എഐസിസി ഭാരവാഹി പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞടുപ്പിന് ഒബിസി വിഭാഗത്തിൽ ഉള്‍പ്പെട്ടവരെയും യുവജനങ്ങളെയും സ്‌ത്രീകൾക്കും പ്രതിനിധ്യം നൽകും. സെപ്‌റ്റംബറിൽ സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കാനാണ് പാർട്ടിയുടെ തീരുമാനം.
വിജയ സാധ്യത കൂടുതൽ ഉയർത്തി, ബിആർഎസിനെ പരാജയപ്പെടുത്തുക എന്നതും പാർട്ടിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. പാർട്ടി ഇത്തവണ മുന്നോട്ടു വച്ച സാമുഹ്യക്ഷേമ പദ്ധതികൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കും. പാർട്ടി പ്രസിഡന്‍റ് മല്ലികാർജുൻ ഖാഗെയുടെ തെരഞ്ഞെടുപ്പ് പ്രസംഗം ജനങ്ങൾക്ക് സ്വീകാര്യമായിരുന്നു.
സംസ്ഥാനത്തെ തൊഴിൽ രഹിതരായ യുവജനങ്ങൾക്കു വേണ്ടി പ്രിയങ്ക ഗാന്ധിയുടെ പ്രഖ്യാപനങ്ങൾ വളരെ ശ്രദ്ധേയമാണ്. വരും നാളുകളിൽ കൂടുതൽ പ്രഖ്യാപനങ്ങളുമായി പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ജനങ്ങളിലേക്ക് എത്തും, താക്കറെ പറഞ്ഞു.
സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി കഴിഞ്ഞാൽ സംസ്ഥാനത്ത് നേതാക്കൻമാരുടെ നേതൃത്വത്തിൽ പദ യാത്ര നടത്തും. പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാനാണ് പരമാവധി ശ്രമിക്കുക. ബിജെപിയിൽ നിന്നും കോൺഗ്രസിലേക്ക് നേതാക്കൻമാരുടെ കൂടുമാറ്റം പാർട്ടിയുടെ വിജയ സാധ്യത ഉറപ്പാക്കുന്നുണ്ട്. ബിആർഎസിൽ നിന്നും ബിജെപിയിൽ നിന്നും വരും നാളുകളിൽ കൂടുതൽ നേതാക്കൻമാർ വരുമെന്നാണ് പ്രതീക്ഷ. ജനങ്ങൾക്കിടയിൽ ഇപ്പോൾ കോൺഗ്രസിനു അനുകൂലമായ സാഹചര്യമാണ്. താക്കറെ പറഞ്ഞു.