ഹൈദരാബാദ് : തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് (Telangana Assembly Election) വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ച ഷെഡ്യൂൾ പ്രകാരമുള്ള വിജ്ഞാപനത്തിന് ഗവർണർ തമിഴിസൈ സൗന്ദര രാജൻ അംഗീകാരം നൽകി. സംസ്ഥാനത്തെ 119 നിയോജക മണ്ഡലങ്ങളിലാണ് ഈ മാസം 30ന് തെരഞ്ഞെടുപ്പ് നടക്കുന്നത് (Telangana Assembly Election 2023 Date).
വിജ്ഞാപനം വന്നതിന് പിന്നാലെ നാമനിർദേശ പത്രിക നടപടികൾ ഉടൻ ആരംഭിക്കും (Telangana election nomination process). സ്ഥാനാർഥികൾക്ക് ഓൺലൈനായും അപേക്ഷ സമർപ്പിക്കാനാകും. ഇലക്‌ഷൻ കമ്മിഷന്‍റെ സുവിത പോർട്ടൽ വഴിയാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. ഈ മാസം 10 വരെയണ് നാമനിർദേശ പത്രിക സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്.
രാവിലെ 11 മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെ സ്ഥാനാർഥികൾക്ക് പത്രിക നൽകാം. എന്നാൽ, ഞായറാഴ്‌ച അവധി ദിവസമായതിനാൽ അന്ന് പത്രിക സ്വീകരിക്കാൻ സാധ്യതയില്ല. നാമനിർദേശ പത്രിക സൂക്ഷ്‌മ പരിശോധന ഈ മാസം 13 ന് നടക്കും. 15 നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി. നാമനിർദേശ പത്രിക ഓൺലൈനായി സമർപ്പിച്ചാലും സ്ഥാനാർഥി പത്രികയുടെ പകർപ്പിൽ ഒപ്പിട്ട് നിശ്ചിത സമയത്തിനകം റിട്ടേണിങ് ഓഫിസർക്ക് സമർപ്പിക്കണം.
വിദേശ വോട്ടർമാർ നാമനിർദേശ പത്രിക സമർപ്പിച്ചാൽ അവിടെയുള്ള എംബസിയിലും കോൺസുലർ ഓഫിസുകളിലും സത്യപ്രതിജ്ഞ ചെയ്യേണ്ടിവരും. പത്രികയിൽ എല്ലാ വിവരങ്ങളും പൂരിപ്പിക്കണമെന്നും എവിടെയും ശൂന്യമാക്കി വിടരുതെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രത്യേക നിർദേശം ഉണ്ട്. എസ്‌സി, എസ്‌ടി വിഭാഗക്കാർക്ക് 5000 രൂപയും അല്ലാത്തവർക്ക് 10,000 രൂപയുമാണ് ഫീസായി കെട്ടിവക്കേണ്ടത്.
ആരോപണങ്ങൾ, വാഗ്‌ദാനങ്ങൾ, പ്രചാരണം കൊഴുക്കുന്നു.. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂടേറുമ്പോൾ പരസ്‌പരം ആരോപണങ്ങൾ ഉയർത്തിയും ഭരണ നേട്ടങ്ങളും വാഗ്‌ദാനങ്ങളും ഉയർത്തിപ്പിടിച്ചും പോരടിക്കുകയാണ് പാർട്ടികൾ. മുസ്‌ലിങ്ങളെയും ദലിതരെയും കോണ്‍ഗ്രസ് വോട്ടുകള്‍ക്ക് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ ആരോപണം. എന്നാൽ, മുഖ്യമന്ത്രി സംസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്നും കെസിആറിന്‍റെ നേതൃത്വത്തിലുള്ള ബിആർഎസിന്‍റെ ഫ്യൂഡൽ ഭരണം അവസാനിപ്പിച്ച് ജനങ്ങളുടെ സർക്കാരായ കോൺഗ്രസിനെ പിന്തുണക്കണമെന്നുമാണ് രാഹുൽ ഗാന്ധി പ്രചാരണ വേളയിൽ ആവശ്യപ്പെട്ടത്.
അതേസമയം, ജനസേനയുമായി ചേര്‍ന്ന് മത്സരിച്ച് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിലാണ് ബിജെപി. ജനസേന നേതാവും നടനുമായ പവന്‍ കല്യാണുമായി ഒരുമിച്ച് നീങ്ങാൻ അമിത് ഷാ ബിജെപി തെലങ്കാന സംസ്ഥാന അധ്യക്ഷന്‍ കിഷന്‍ റെഡ്ഡിക്ക് നിർദേശം നൽകിയിട്ടുണ്ട്.