പട്‌ന : കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ബെഗുസരായ് വെടിവയ്പ്പില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ ആരോപണത്തിലാണ് തേജസ്വി കേന്ദ്രമന്ത്രിക്കെതിരെ തിരിഞ്ഞത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്തെങ്കിലും കുറ്റകൃത്യം നടന്നാല്‍ അത് അവിടുത്തെ മുഖ്യമന്ത്രി ചെയ്‌തെന്നാണോ അര്‍ഥമെന്ന് ഉപമുഖ്യമന്ത്രി ചോദിച്ചു.
ബലാത്സംഗം വല്ലതും നടന്നാൽ അതും മുഖ്യമന്ത്രി ചെയ്‌തെന്നാണോ?. സംഭവത്തിന് മറ്റൊരു നിറം നൽകാനാണ് ചിലരുടെ ശ്രമം. ബിജെപി പറയുന്നത് പോലെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല. ജനങ്ങളെ ഭിന്നിപ്പിക്കുകയും സമൂഹത്തില്‍ വിഷം കലര്‍ത്തുകയും ചെയ്യുന്നവരാണ് - തേജസ്വി പറഞ്ഞു.
'വെടിവയ്‌പ്പിന് പിന്നില്‍ നിതീഷ്': ബെഗുസരായ് വെടിവയ്പ്പിനെ ജാതിയുമായി ബന്ധിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് നിതീഷിന്‍റെ ശ്രമം. അദ്ദേഹം തന്നെയാണ് ഈ വെടിവയ്പ്പ് നടത്തിയതെന്നാണ് തനിക്ക് തോന്നുന്നത് എന്നായിരുന്നു ഗിരിരാജ് സിങ്ങിന്‍റെ ട്വീറ്റ്.
40 മിനിട്ട്, തുരുതുരാ വെടി : സെപ്‌റ്റംബര്‍ 13 നാണ് ബിഹാറിലെ ബെഗുസരായ് ജില്ലയിൽ വെടിവയ്‌പ്പുണ്ടായത്. സാധാരണക്കാരായ 11 പേർക്ക് നേരെ ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ തുരുതുരാ നിറയൊഴിക്കുകയായിരുന്നു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കുണ്ട്.
ബെഗുസരായിലെ ചകിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ തെർമൽ ഗേറ്റിന് സമീപം വൈകിട്ടായിരുന്നു ദാരുണമായ സംഭവം. ബൈക്കില്‍ കറങ്ങി നാല് പൊലീസ് സ്റ്റേഷൻ പരിധികളിലായി 40 മിനിട്ടിലേറെയാണ് അക്രമികള്‍ വെടിവയ്‌പ്പ് നടത്തിയത്.