ന്യൂഡൽഹി : ഗുജറാത്ത് കലാപക്കേസുകളിൽ നിരപരാധികളെ കുടുക്കാൻ വ്യാജരേഖ ചമച്ചുവെന്നാരോപിക്കുന്ന കേസില്‍ ആക്‌ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന് ഇടക്കാല ജാമ്യം. സുപ്രീം കോടതിയുടേതാണ് ഉത്തരവ്. സെതൽവാദിന്‍റെ ഇടക്കാല ജാമ്യാപേക്ഷയിൽ ഗുജറാത്ത് സർക്കാരിന് ഓഗസ്റ്റ് 23 ന് സുപ്രീം കോടതി നോട്ടിസ് അയച്ചിരുന്നു.
ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബഞ്ചാണ് ഗുജറാത്ത് സർക്കാരിനോട് പ്രതികരണം തേടി നോട്ടിസ് അയച്ചത്. പിന്നാലെയാണ്, വെള്ളിയാഴ്‌ച (സെപ്‌റ്റംബര്‍ 2) ന് പരമോന്നത കോടതി ഇടക്കാല ജാമ്യം നല്‍കിയത്. കേസില്‍ ഗുജറാത്ത് ഹൈക്കോടതിയെ രൂക്ഷമായ ഭാഷയിൽ, സുപ്രീം കോടതി വിമർശിച്ചു.
ടീസ്റ്റയെ ജയിലിലാക്കിയിട്ട് ആറാഴ്‌ച കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ എങ്ങനെയാണ് ഗുജറാത്ത് ഹൈക്കോടതി അവര്‍ക്ക് നോട്ടിസ് നല്‍കുക. ജാമ്യം നിഷേധിക്കപ്പെടേണ്ട കൊലപാതക കുറ്റമോ മറ്റോ അല്ല അവര്‍ ചെയ്‌തത്. എഫ്ഐആറിലുള്ളത് സാകിയ ജഫ്രി കേസ് തള്ളി കോടതി നടത്തിയ നിരീക്ഷണങ്ങള്‍ മാത്രമാണെന്നും കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് യുയു ലളിതിന്‍റെ നേതൃത്വത്തിലുള്ള ബഞ്ച് പറഞ്ഞു.