ലഖ്‌നൗ: അധ്യാപിക അടിച്ചതിനെ തുടര്‍ന്ന് മനംനൊന്ത് ഏഴാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തു. ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ മില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബയോളജി പരീക്ഷയുടെ സമയത്ത് കുട്ടി കോപ്പിയടിച്ചെന്ന് ആരോപിച്ച് അധ്യാപിക അടിച്ചതിനെ തുടര്‍ന്ന് മറ്റ് കുട്ടികള്‍ തന്നെ ഒറ്റപ്പെടുത്തിയിരുന്നുവെന്ന് ആത്മഹത്യ കുറിപ്പില്‍ വിദ്യാര്‍ഥി പറയുന്നു.
താന്‍ ചെയ്‌ത തെറ്റ് തിരുത്താന്‍ ഒരു അവസരം കൂടി നല്‍കണമായിരുന്നുവെന്ന് വിദ്യാര്‍ഥി ആത്മഹത്യ കുറിപ്പില്‍ എഴുതി. അധ്യാപികയ്‌ക്കെതിരെ ആത്മഹത്യ ചെയ്‌ത കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കി. സ്‌കൂള്‍ വിട്ട് വീട്ടിലേയ്‌ക്ക് തിരികെയെത്തിയ വിദ്യാര്‍ഥി ഭക്ഷണം കഴിച്ചില്ലെന്നും ആരോടും സംസാരിക്കാതെ റൂമില്‍ കയറി കതകടയ്‌ക്കുകയായിരുന്നുവെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു.
മുറിക്കുള്ളില്‍ നിന്ന് കുട്ടി പുറത്ത് വരാതിരുന്നതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കുട്ടിയെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മാതാപിതാക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തത്.
വിദ്യാര്‍ഥിയുടെ ആത്മഹത്യ കുറിപ്പ്: 'ഞാന്‍ ബയോളജി പരീക്ഷയില്‍ കോപ്പിയടിച്ചു. ഞാന്‍ മരിക്കാന്‍ പോവുകയാണ്. ഇതില്‍ എന്‍റെ മാതാപിതാക്കളെയും അങ്കിള്‍ ആന്‍റി എന്നിവരെയും കുറ്റപ്പെടുത്തരുത്'.
'ഒരു തെറ്റ് സംഭവിച്ചാല്‍ എല്ലാവര്‍ക്കും ഒരു അവസരം കൂടി നല്‍കും. എന്നാല്‍ എനിക്ക് ആ അവസരം നിഷേധിച്ചു. ചെയ്‌ത തെറ്റിനെ ഓര്‍ത്ത് ഞാന്‍ ഒരുപാട് കരഞ്ഞു'.
'എന്‍റെ സഹപാഠികള്‍ എന്നെ ഷെയിം എന്ന് വിളിച്ച് കളിയാക്കി. എന്‍റെ മനസ് എന്‍റെ കയ്യില്‍ ഇല്ല. എനിക്ക് ആവശ്യമില്ലാത്ത ചിന്തകളൊക്കെ വരുന്നു. എന്‍റെ മാതാപിതാക്കളോടും അധ്യാപകരോടും കൂട്ടുകാരോടും ഞാന്‍ ക്ഷമ ചോദിക്കുകയാണ്' എന്ന് വിദ്യാര്‍ഥി ആത്മഹത്യ കുറിപ്പില്‍ എഴുതി.
മൃതദേഹം പൊലീസ് പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെയും അധ്യാപികക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് സിഒ വന്ദന സിങ് അറിയിച്ചു.