ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് ഇറാനിയൻ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്‌ത് ജയിലിലാക്കിയ മത്സ്യത്തൊഴിലാളികളെ ചെന്നൈയിലേക്ക് തിരിച്ചയച്ചു. കഴിഞ്ഞ ഒന്നര വർഷത്തോളം ഇറാനിൽ തടവറയിൽ കഴിഞ്ഞിരുന്ന തമിഴ്‌നാട് നാഗർകോവിൽ സ്വദേശികളായ ഒമ്പത് മത്സ്യത്തൊഴിലാളികളെയാണ് ജയിൽമോചിതരാക്കിയത്.
ALSO READ: ലഖിംപൂർ ഖേരി അക്രമത്തിൽ പ്രതിഷേധം, പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്ക്; 18 പേർ അറസ്റ്റിൽ
മത്സ്യത്തൊഴിലാളികളായ ആൽബർട്ട് രവി, ഡൈനസ്, ഗോഡ്‌വിൻ ജോൺ വെൽഡൺ, ആരോഗ്യ ലിജിൻ, ജോസെഫ് ബെസ്‌കി, യേശുദാസ്, സഹായ വിജയ്, മൈക്കിൾ അടിമൈ, വെല്ലിങ്‌ടൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കുവൈറ്റ് ആസ്ഥാനമായുള്ള മത്സ്യബന്ധന ഗ്രൂപ്പിൽ ജോലി ചെയ്യുന്ന സംഘമാണ് അറസ്റ്റിലായത്. കുവൈറ്റിലെ ഫഹാഹീലിൽ നിന്ന് രാവിലെ മൂന്ന് ബോട്ടുകളിലായാണ് മത്സ്യത്തൊഴിലാളികൾ പുറപ്പെട്ടത്. ഇവരെ അന്നേദിവസം വൈകുന്നേരം കോസ്റ്റ് ഗാർഡ് പിടികൂടുകയായിരുന്നു.
അതേസമയം 19 മാസത്തോളം ജയിലിൽ കഴിഞ്ഞ തങ്ങളെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചതിന് കേന്ദ്ര സർക്കാരിനും തമിഴ്‌നാട് സർക്കാരിനും നന്ദി അറിയിക്കുന്നതായി മത്സ്യത്തൊഴിലാളികളും കുടുംബങ്ങളും അറിയിച്ചു.