ചെന്നൈ: ടോക്കിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന കായിക താരങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ചു. ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടുന്നവര്‍ക്ക് മൂന്ന് കോടി രൂപയും വെള്ളി, വെങ്കല മെഡൽ ജേതാക്കൾക്ക് യഥാക്രമം രണ്ട് കോടി രൂപയും ഒരു കോടി രൂപയും പാരിതോഷികമായി നല്‍കും. കായിക താരങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായി സംഘടിപ്പിച്ച കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് അഭിസംബോധന ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിന്‍ സമ്മാനതുക പ്രഖ്യാപിച്ചത്.
മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം
നേത്ര കുമാനൻ, വരുൺ താക്കൂർ, കെ.സി ഗണപതി (സെയ്‌ലിങ് ), ജി സത്യൻ, എ ശരത് കമൽ (ടേബിൾ ടെന്നീസ്), സി.എ ഭവാനി ദേവി ( ഫെൻസിംഗ്), പാരാലിമ്പ്യന്‍ ടി മരിയപ്പൻ (ഹൈജംപ്) എന്നിവരാണ് തമിഴ്‌നാട്ടില്‍ നിന്ന് ഒളിമ്പിക്‌സിന് യോഗ്യത നേടിയ കായിക താരങ്ങള്‍. തമിഴ്‌നാട്ടിൽ നിന്ന് ഒളിമ്പിക്‌സിന് യോഗ്യത നേടിയ ആദ്യത്തെ കായിക താരമായ ഭവാനി ദേവിക്ക് ഇതിനകം തന്നെ 5 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നും മറ്റ് അഞ്ച് പേര്‍ക്കും ഉടൻ തന്നെ പണം നല്‍കുമെന്നും സ്റ്റാലിൻ അറിയിച്ചു.
Also read: ടോക്കിയോ ഗെയിംസ്: പരിശീലനം തുടങ്ങാന്‍ ഒരുങ്ങി ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് ടീം
തെരഞ്ഞെടുപ്പ് വാഗ്‌ദാനം നിറവേറ്റും
സംസ്ഥാനത്തിന്‍റെ നാല് സോണുകളിലായി ഒളിമ്പിക്‌സ് അക്കാദമി സ്ഥാപിക്കുമെന്ന് ഡിഎംകെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്‌ദാനം ചെയ്‌തിരുന്നു. വാഗ്‌ദാനങ്ങള്‍ സര്‍ക്കാര്‍ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. കായികവും കായികതാരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സച്ചിൻ ടെന്‍ഡുല്‍ക്കര്‍, കർണം മല്ലേശ്വരി, എം.എസ് ധോണി, പി.ടി ഉഷ, മിൽഖ സിങ് തുടങ്ങിയ കായികതാരങ്ങള്‍ എക്കാലവും രാജ്യത്തെ പുതുതലമുറയ്ക്ക് പ്രചോദനമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
യുവജനക്ഷേമ കായിക വകുപ്പും തമിഴ്‌നാട് സ്പോർട്‌സ് ഡെവലപ്‌മെന്‍റ് അതോറിറ്റിയും ആരോഗ്യവികസന വകുപ്പും തമിഴ്‌നാട് ഒളിമ്പിക് അസോസിയേഷനും സംയുക്തമായാണ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്. കൊവിഡിനെ തുടര്‍ന്ന് നീട്ടി വച്ച ടോക്കിയോ ഒളിമ്പിക്‌സ് ജൂലൈ 23 മുതൽ ആഗസ്റ്റ് 8 വരെയാണ് നടക്കുന്നത്.
Also read: ഒളിമ്പിക്സ്: കടുത്ത നിയന്ത്രണങ്ങളില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ