പുതുച്ചേരി: പ്രശസ്ത തമിഴ് എഴുത്തുകാരനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കെ. രാജനാരായണ്‍ അന്തരിച്ചു. 'കി രാ' എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. 98 വയസായിരുന്നു. വാർധക്യ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തിങ്കളാഴ്ച രാത്രിയിലായിരുന്നു അന്ത്യം. 1980ൽ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ ഫോക്ലോർ വിഭാഗത്തിലെ പ്രൊഫസറായിരുന്നു രാജനാരായണ്‍. ചെറുകഥകൾ, നോവലുകൾ, നാടോടികഥകൾ, ലേഖനങ്ങൾ തുടങ്ങിയവയാണ് തമിഴ് സാഹിത്യലോകത്തിന് അദ്ദേഹത്തിന്‍റെ സംഭാവന. ഗോപാലപുരത്ത് മക്കൾ എന്ന നോവലിലൂടെ 1991ൽ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
Read Also………… ഐ.എ.എസ് ഉദ്യോഗസ്ഥൻ ഇ.കെ.മാജി കൊവിഡ് ബാധിച്ചു മരിച്ചു
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 'കി രാ"യുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. ലെഫ്റ്റനന്റ് ഗവർണർ തമിഴിസയ് സൗന്ദരരാജൻ ചൊവ്വാഴ്ച അദ്ദേഹത്തിന്‍റെ വസതിയിലെത്തി ആദരാജ്ഞലികൾ അർപ്പിച്ചു. 'കി രാ" താമസിച്ചിരുന്ന വസതി ലൈബ്രറിയാക്കണമെന്ന് തമിഴ് എഴുത്തുകാർ അഭ്യർഥിച്ചതായി ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. അഭ്യർഥന പരിഗണിക്കാമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.
1923 സെപ്റ്റംബര്‍ 14ന് തമിഴ്നാട്ടിലെ കോവില്‍പട്ടിക്കടുത്തുള്ള ഇടൈസെവല്‍ ഗ്രാമത്തിലാണ് കി രാ ജനിച്ചത്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി രാജനാരായണ്‍ കിടപ്പിലായിരുന്നു. എന്‍റെ ബുദ്ധിമാനായ പിതാവ് വിടവാങ്ങിയെന്നാണ് നടനും സൂര്യയുടെ അച്ഛനുമായ ശിവകുമാര്‍ അദ്ദേഹത്തിനുള്ള അനുശോചനക്കുറിപ്പില്‍ എഴുതിയത്. ശിവകുമാറിന് വലിയ അടുപ്പമുള്ള സാഹിത്യകാരനായിരുന്നു രാജനാരായണ്‍.