ചെന്നൈ : പ്രതിമാസ വൈദ്യ പരിശോധനയ്‌ക്കായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് (ജൂണ്‍ 3) വൈകിട്ടാണ് അദ്ദേഹത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈദ്യ പരിശോധനയ്‌ക്ക് വിധേയനാക്കിയതിന് ശേഷം നാളെ (ജൂലൈ 4) ആശുപത്രി വിടുമെന്ന് അപ്പോളോ അധികൃതര്‍ പ്രസ്‌താവനയില്‍ വ്യക്തമാക്കി.
മാസം തോറും നടത്തുന്ന സാധാരണ പരിശോധനകള്‍ക്കായാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി പ്രസ്‌താവനയില്‍ അറിയിച്ചു. ഇന്ന് (ജൂലൈ 3) രാവിലെ കാവേരി വിഷയത്തില്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് അദ്ദേഹം അഡ്‌മിറ്റായത്.
എംകെ സ്റ്റാലിനും രാഷ്‌ട്രീയ ജീവിതവും: തമിഴ്‌നാടിന്‍റെ മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ പ്രസിഡന്‍റുമാണ് എംകെ സ്റ്റാലിന്‍ എന്ന മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍. 1996 മുതല്‍ 2002 വരെ ചെന്നൈ നഗരസഭ മേയറായിരുന്ന സ്റ്റാലിന്‍ തന്‍റെ 14ാം വയസില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയാണ് തന്‍റെ രാഷ്‌ട്രീയത്തിലേക്ക് ചുവടുവച്ചത്. ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ ജനറല്‍ കമ്മിറ്റിലേക്ക് സ്റ്റാലിന്‍ തെരഞ്ഞെടുക്കപ്പെട്ടത് 1973ലാണ്.
ചെന്നൈയിലെ തൗസന്‍റ് ലൈറ്റ്‌സില്‍ നിന്നും തമിഴ്‌നാട് നിയമസഭയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്നാണ് 1996ല്‍ ചെന്നൈയില്‍ മേയറായി ചുമതലയേറ്റത്. ചെന്നൈയുടെ ആദ്യ മേയറായതും എംകെ സ്റ്റാലിന്‍ തന്നെയാണ്. ആദ്യ മേയറായ അദ്ദേഹം അടുത്ത തവണയും മേയറായി 2001ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിത ഒരു വ്യക്തി രണ്ട് പദവികള്‍ വഹിക്കുന്നത് നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് പാസാക്കിയതോടെ അദ്ദേഹം തന്‍റെ സ്ഥാനം രാജിവക്കുകയായിരുന്നു.
എന്നാല്‍ പിന്നീട് ഹൈക്കോടതി ഈ നിയമം പിന്നീട് മരവിപ്പിച്ചിരുന്നു. 2006ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം എംകെ സ്റ്റാലിന്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന്, തമിഴ്‌നാട് ഗവര്‍ണര്‍ സുര്‍ജിത് സിങ് ബര്‍ണാല സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായും നാമനിര്‍ദേശം ചെയ്‌തു. 2017ലാണ് അദ്ദേഹം ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ വര്‍ക്കിങ് പ്രസിഡന്‍റായി ചുമതലയേറ്റത്.
2021ല്‍ നടന്ന പതിനാറാം തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിലാണ് അദ്ദേഹം മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. കൊളത്തൂരില്‍ നിന്നാണ് അദ്ദേഹം മത്സരിച്ചത്. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് (ദ്രാവിഡ മുന്നേറ്റ കഴകം) ഡിഎംകെയ്‌ക്ക് ഭൂരിപക്ഷം ലഭിച്ചതോടെ അദ്ദേഹത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു. 2021 മെയ് ഏഴിനാണ് എംകെ സ്റ്റാലിന്‍ തമിഴ്‌നാടിന്‍റെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
വികെ ശശികലക്കെതിരെയുണ്ടായ ആരോപണം: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായ ജയലളിതയുടെ മരണത്തിന് ഉത്തരവാദി വികെ ശശികലായാണെന്ന് എംകെ സ്റ്റാലിന്‍ ആരോപണമുന്നയിച്ചിരുന്നു. ജയലളിതയുടെ മരണം പുനഃപരിശോധിച്ചാല്‍ ശശികല കുറ്റക്കാരിയായിരിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു.