ചെന്നൈ : തമിഴ്‌നാട്ടില്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ക്ഷീര വികസന വകുപ്പ് മന്ത്രി എംഎ നാസറിനെ മന്ത്രിസഭയില്‍ നിന്ന് നീക്കി. ഡിഎംകെയുടെ ഐടി വിഭാഗം മേധാവിയായിരുന്ന ടിആര്‍ബി രാജയെ പകരം ഉള്‍ക്കൊള്ളിച്ചു. രാജ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. ഇന്ന് രാവിലെ 10.30ന് ദര്‍ബാര്‍ ഹാളില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. ഗവര്‍ണര്‍ ആര്‍എന്‍ രവി രാജയ്‌ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
മന്നാര്‍ഗുഡിയില്‍ നിന്ന് മൂന്ന് തവണ നിയമസഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടയാളാണ് രാജ. മുന്‍ കേന്ദ്രമന്ത്രി ടി.ആര്‍ ബാലുവിന്‍റെ മകനാണ്. 2021 മെയ് 7ന് എംകെ സ്റ്റാലിന്‍റെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരമേറ്റശേഷം ഇത് രണ്ടാം തവണയാണ് പുനഃസംഘടിപ്പിക്കുന്നത്.
മോശം പെരുമാറ്റമാണ് എംഎ നാസറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെയും കുടുംബത്തെയും വിമര്‍ശിച്ചുകൊണ്ടുള്ള, ധനമന്ത്രി പിടിആര്‍ പളനിവേല്‍ ത്യാഗരാജന്‍റെ ശബ്‌ദ സന്ദേശം പുറത്തുവന്ന സാഹചര്യത്തില്‍ ഇദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ വകുപ്പ് മാറ്റമാണുണ്ടായത്.
വ്യവസായ മന്ത്രിയായിരുന്ന തങ്കം തെന്നരസുവിനെ പി.ടി.ആറിന് പകരം ധനകാര്യ-മാനവവിഭവശേഷി വകുപ്പ് മന്ത്രിയാക്കി. പകരം പിടിആറിന് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് നല്‍കി. തനിക്ക് ഐടി വകുപ്പ് നൽകിയതിന് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് നന്ദിയുണ്ടെന്ന് പിടിആർ പളനിവേല്‍ ത്യാഗരാജന്‍ ട്വിറ്ററിൽ കുറിച്ചു.