ബെംഗളൂരു: കാമുകനെ കൊലപ്പെടുത്തിയ യുവതിയും സുഹൃത്തുക്കളും പിടിയില്‍. ബെംഗളൂരുവിലെ ന്യൂ മൈക്രോ ലേഔട്ടിലാണ് സംഭവം. പ്രതികളായ പ്രതിഭ, സുഷില്‍, ഗൗതം എന്നിവരെ അറസ്റ്റ് ചെയ്‌തുവെന്നും കൂട്ടു പ്രതിയായ സൂര്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചുവെന്നും പൊലീസ് പറഞ്ഞു.
തമിഴ്‌നാട്ടിലെ ഡോക്‌ടറാണ് കൊല്ലപ്പെട്ട വികാസ്. യുക്രൈനില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ചെന്നൈയില്‍ ജോലി ചെയ്‌തു വരികയായിരുന്ന വികാസ് ഉപരിപഠനത്തിന് വേണ്ടി ബെംഗളൂരുവില്‍ എത്തുകയായിരുന്നു. ബെംഗളൂരുവില്‍ എച്ച്എസ്‌ആര്‍ ലേഔട്ട് കമ്പനിയില്‍ ആര്‍കിടെക്‌ച്ചറായി ജോലി ചെയ്‌തു വരികയായിരുന്നു പ്രതിഭ.
ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്‌തു. വീട്ടുകാരുടെ സമ്മതപ്രകാരം നവംബര്‍ മാസത്തില്‍ വിവാഹം കഴിക്കാനൊരുങ്ങുകയായിരുന്നു ഇരുവരും. ഇതിനിടെ പ്രതിഭയുടെയും അമ്മയുടെയും അശ്ലീല വീഡിയോസ് വികാസ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തിരുന്നു.
തുടര്‍ന്ന് വികാസുമായി നിരന്തരം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട പ്രതിഭ തന്‍റെ സഹപ്രവര്‍ത്തകരുമൊത്ത് വികാസിനെ വധിക്കാന്‍ പദ്ധതിയിടുകയായിരുന്നു. വിഷയം സംസാരിക്കാന്‍ എന്ന വ്യാജേന വികാസിനെ വിളിച്ചു വരുത്തിയായിരുന്നു കൊലപാതക ശ്രമം. തുടര്‍ന്ന് ഗുരുതരമായ പരിക്കുകളോടെ വികാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ(18.09.2022) മരണപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്‌തുവെന്നും കൂടുതല്‍ അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും ഡിസിപി സി കെ ബാല അറിയിച്ചു.