ഹൈദരാബാദ്: അഭ്യൂഹങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും വിരാമമിട്ട് ബോളിവുഡ് നടന്‍ വിജയ് വര്‍മ്മയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് താര സുന്ദരി തമ്മന്ന ഭാട്ടിയ. കഴിഞ്ഞ കുറെ നാളുകളായി സിനിമ ലോകത്തെ സജീവ ചര്‍ച്ചയായിരുന്നു നടന്‍ വിജയ് വര്‍മ്മയും തമ്മന്ന ഭാട്ടിയയും ഡേറ്റിങ്ങിലാണോയെന്നത്. ഊഹാപോഹങ്ങള്‍ക്ക് വിരാമം കുറിച്ച് കൊണ്ട് നടി തന്നെയാണ് രംഗത്തെത്തിയത്.
ആരാധകര്‍ കേട്ടത് ഗോസിപ്പുകളല്ലെന്നും സത്യമാണെന്നും താനും വിജയ് വര്‍മ്മയും തമ്മില്‍ പ്രണയത്തിലാണെന്നുമാണ് തമ്മന്ന പറഞ്ഞത്. ഒരു അഭിമുഖത്തില്‍ സംസാരിക്കവേയാണ് താരം ഇരുവരുടെയും പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
ഇരുവരുടെയും പ്രണയം മൊട്ടിട്ടത് : ലസ്റ്റ് സ്റ്റോറീസ് 2 ന്‍റെ സെറ്റില്‍ വച്ചാണ് വിജയ് വര്‍മ്മയുമായി തനിക്ക് ഇഷ്‌ടം തോന്നിയതെന്ന് തമ്മന്ന ഭാട്ടിയ വെളിപ്പെടുത്തി. ഒപ്പം അഭിനയിച്ചത് കൊണ്ട് സഹതാരവുമായി തനിക്ക് അടുപ്പമുണ്ടാകുമെന്ന് താന്‍ കരുതുന്നില്ല. എനിക്ക് നിരവധി സഹതാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരാളുമായി പ്രണയത്തിലാവുകയോ മറ്റൊരാളോട് വികാരം തോന്നുകയോ ചെയ്യുന്നത് കൂടുതല്‍ വ്യക്തിപരമാമെന്നും ഈ ബന്ധത്തിന് പ്രൊഫഷനുമായി യാതൊരുവിധ ബന്ധവും ഇല്ലെന്നും തമന്ന അഭിമുഖത്തില്‍ പറഞ്ഞു.
വിജയ് വര്‍മ്മ തന്നെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നുണ്ട് മാത്രമല്ല വിജയ്‌ക്കൊപ്പമാകുമ്പോള്‍ തനിക്ക് കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടാറുണ്ടെന്നും തമന്ന പറഞ്ഞു. താന്‍ തേടി കൊണ്ടിരുന്നയാളാണ് വിജയ് വര്‍മ്മയെന്നും തമന്ന പറഞ്ഞു.
വിജയ് വര്‍മ്മ തന്‍റെ സന്തോഷത്തിന്‍റെ ഇടമാണ്: തമന്ന ഭാട്ടിയയുടെയും വിജയ് വര്‍മ്മയുടെയും പ്രണയം സാധാരണയായി ഉടലെടുത്തതാണ്. താന്‍ വളരെയധികം ശ്രദ്ധിക്കുന്ന ഒരാളാണ് വിജയ് വര്‍മ്മ അദ്ദേഹം എന്‍റെ സന്തോഷത്തിന്‍റെ ഇടമാണെന്നും തമന്ന അഭിമുഖത്തില്‍ തുറന്നടിച്ചു.
ഗോസിപ്പുകള്‍ക്ക് തുടക്കമിട്ട ചുംബനം: ഗോവയില്‍ നടന്ന ഒരു പാര്‍ട്ടിക്കിടെ വിജയ് വര്‍മ്മയും തമന്ന ഭാട്ടിയയും തമ്മില്‍ ചുംബിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതാണ് ഇരുവരും ഡേറ്റിങ്ങിലാണോയെന്ന സംശയം ആദ്യമായി ഉയരാനിടയാക്കിയ സംഭവം. നിരവധി ആരാധകരാണ് ഇരുവരെയും കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ അടക്കം ചര്‍ച്ചകള്‍ നടത്തിയത്. എന്നാല്‍ തങ്ങള്‍ക്കെതിരെ ഗോസിപ്പുകളും അഭ്യൂഹങ്ങളും ഉയര്‍ന്നിട്ടും വിഷയത്തില്‍ മൗനം പാലിച്ചിരിക്കുകയായിരുന്നു ഇരുവരും.
ഇതിന് പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ന്യൂയര്‍ ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ആരാധകര്‍ക്കിടയില്‍ വീണ്ടും ഏറെ ചര്‍ച്ച വിഷയമായി. കഴിഞ്ഞ ഒക്‌ടോബറില്‍ ദില്‍ജിത് ദോസഞ്ചിന്‍റെ സംഗീത കച്ചേരിയിലും ഫാഷന്‍ ഇവന്‍റിലും താരങ്ങളെ ഒരുമിച്ച് കാണപ്പെട്ടു.
ലസ്റ്റ് സ്റ്റോറീസ് 2 ഉടനെത്തും: തമന്നയും വിജയ് വര്‍മ്മയും തകര്‍ത്തഭിനയിച്ച് ചിത്രം ലസ്റ്റ് സ്റ്റോറീസ് 2 പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. അമിത് രവീന്ദർനാഥ് ശർമ്മ, കൊങ്കണ സെൻശർമ, ആർ ബാൽക്കി, സുജോയ് ഘോഷ് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്‌തിട്ടുള്ളത്. ജൂണ്‍ 29 മുതല്‍ ചിത്രം നെറ്റ്‌ഫ്ലിക്‌സില്‍ സ്‌ട്രീം ചെയ്യും.