കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ സർക്കാർ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം താലിബാൻ നീട്ടിവച്ചു. പ്രഖ്യാപനം അടുത്ത ആഴ്‌ചത്തേക്ക് നീട്ടിവച്ചതായി താലിബാൻ വക്താവ് സബിയുല്ല മുജാഹിദ് അറിയിച്ചു. കാബൂൾ താലിബാൻ പിടിച്ചെടുത്തതിന് ശേഷം രണ്ടാമത്തെ തവണയാണ് സർക്കാർ പ്രഖ്യാപനം നീട്ടിവക്കുന്നത്.
പുതിയ സർക്കാരിനെ സംബന്ധിച്ചും ക്യാബിനറ്റിനെയും കുറിച്ചുള്ള വിവരങ്ങൾ അടുത്ത ആഴ്‌ച പ്രഖ്യാപിക്കുമെന്ന് അറിയിച്ച വക്താവ് എന്നാൽ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. ലോകരാഷ്‌ട്രങ്ങൾ അംഗീകരിക്കുന്ന, ലോകസമ്മതിക്ക് ഉതകുന്ന രീതിയിലുള്ള സർക്കാർ രൂപീകരണത്തിനാണ് താലിബാൻ ശ്രമിക്കുന്നതെന്നും അതിനാലാണ് കൂടുതൽ സമയം എടുക്കുന്നതെന്നും സർക്കാർ രൂപീകരണത്തിനായി വിവിധ സംഘടനകളുമായി ചർച്ച നടത്താനായി നിയമിക്കപ്പെട്ട കമ്മറ്റിയിലെ അംഗം ഖാലിൽ ഹഖാനി പറഞ്ഞു.
താലിബാന് മാത്രമായി സർക്കാർ രൂപീകരണത്തിന് കഴിയുമെന്നും എന്നാൽ എല്ലാ പാർട്ടികളെയും വിഭാഗങ്ങളെയും ഗ്രൂപ്പുകളെയും ഉൾക്കൊള്ളുന്ന സമൂഹത്തിന്‍റെ പതിപ്പാണ് സർക്കാർ രൂപീകരണത്തിലൂടെ താലിബാൻ ശ്രമിക്കുന്നതെന്നും ഹഖാനി വ്യക്തമാക്കി. വിവിധ സംഘടനകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സർക്കാർ രൂപീകരണം അഫ്‌ഗാനിസ്ഥാനിൽ താലിബാൻ നടത്തുമെന്നാണ് അമേരിക്ക ഉൾപ്പെടുന്ന ലോകരാഷ്‌ട്രങ്ങൾ കരുതുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൺ അഭിപ്രായപ്പെട്ടിരുന്നു.
താലിബാൻ അഫ്‌ഗാൻ പിടിച്ചെടുത്തതിന് പിന്നാലെ റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ താലിബാന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി താലിബാൻ ഇതിനകം ചർച്ച നടത്തിയിട്ടുണ്ട്.
READ MORE: പാക് എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തി താലിബാൻ പ്രതിനിധി സംഘം