ഹൈദരാബാദ്: എത്ര കഴിച്ചാലും മതിവരാത്ത ഭക്ഷണങ്ങളിൽ മുൻപന്തിയിൽ തന്നെയാണ് ബിരിയാണിയുടെ സ്ഥാനം. ബിരിയാണികളിൽ തന്നെ ലോക പ്രശസ്‌തമാണ് ഹൈദരാബാദ് ബിരിയാണി. എന്നാൽ ഹലീം എന്ന സ്‌പെഷ്യൽ വിഭവത്തിന്‍റെ കടന്നു വരവോടെ റംസാൻ നാളുകളിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹൈദരാബാദ് ബിരിയാണി രണ്ടാം സ്ഥാനത്തേക്ക് വീണിരുന്നു. മറ്റ് ജില്ലകളിൽ നിന്ന് പോലും ഹൈദരാബാദിന്‍റെ സ്‌പെഷ്യലായ ഹലീം കഴിക്കാൻ ആളുകൾ എത്തിയതോടെയാണ് ബിരിയാണി ഒന്ന് പിന്നിലേക്ക് പോയത്.
എന്നാൽ ഈ വർഷം ഹൈദരാബാദിലെ ജനങ്ങൾ ആ പതിവ് തെറ്റിച്ചു എന്നാണ് ഓണ്‍ലൈൻ ഭക്ഷണ ഡെലിവറി കമ്പനിയായ സ്വിഗ്ഗി വ്യക്‌തമാക്കുന്നത്. റംസാൻ മാസത്തിൽ ബിരിയാണിക്കായി സ്വിഗ്ഗിക്ക് ലഭിച്ച ഓർഡറുകൾ തന്നെയാണ് ഇതിന് തെളിവായി അവർ കാട്ടുന്നത്. ഈ മാസം 10 ലക്ഷത്തിലധികം ബിരിയാണികളാണ് നഗരത്തിൽ മാത്രം തങ്ങൾ ഡെലിവറി നടത്തിയതെന്നാണ് സ്വിഗി വെളിപ്പെടുത്തിയിരിക്കുന്നത്.
ഇത് കഴിഞ്ഞ വർഷത്തെക്കാൾ 20 ശതമാനം കൂടുതലാണെന്നാണ് സ്വിഗ്ഗി അറിയിച്ചിരിക്കുന്നത്. അതേസമയം ഒരു മാസത്തിനിടെ ഹലീമിന് നാല് ലക്ഷം ഓർഡറുകൾ ലഭിച്ചതായും സ്വിഗ്ഗി അറിയിച്ചിട്ടുണ്ട്. മുൻപ് ഒന്നോ രണ്ടോ ഫ്ലേവറുകളിൽ മാത്രമായിരുന്നു ഹലീം നിർമ്മിച്ചിരുന്നത്. എന്നാൽ ഇന്ന് വ്യത്യസ്‌ത രുചികളിലുള്ള ഹലീമുകളാണ് ഭക്ഷണ പ്രേമികളെ തേടി വിപണിയിൽ എത്തുന്നത്.
ഈ സീസണിൽ മട്ടൻ, ചിക്കൻ, മീൻ, പേർഷ്യൻ സ്‌പെഷ്യൽ, ഡ്രൈ ഫ്രൂട്ട് തുടങ്ങി 9 തരം രുചികളിലുള്ള ഹലീമുകളാണ് വിപണിയെ കീഴടക്കാൻ എത്തിയത്. നഗരങ്ങളിൽ മാത്രം ലഭിച്ച ഓർഡറുകൾ കണക്കാക്കിയാൽ തന്നെ ഹലീമിന് എത്രത്തോളം ഫാൻസ് ഉണ്ടെന്ന് മനസിലാക്കാൻ സാധിക്കും. റംസാൻ മാസപ്പിറവി അവസാനിക്കുന്ന വെള്ളിയാഴ്‌ച ഹലീം കേന്ദ്രങ്ങളിലേക്ക് നൂറ് കണക്കിന് പേരാണ് ഒഴുകിയെത്തിയത്.