ഛണ്ഡീഗഡ്: പഞ്ചാബിലെ മുന്‍ മന്ത്രി ജഗദീഷ് ഗാര്‍ച്ചയുടെ (Former Minister Jagdish Garcha in Punjab) വസതിയില്‍ മോഷണം നടത്തിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. വീട്ടു ജോലിക്കാരനും നേപ്പാള്‍ സ്വദേശിയുമായ കരണ്‍ ബഹദൂര്‍ (20), കൂട്ടാളികളായ സര്‍ജന്‍ ഷാഹി(21), കിഷന്‍ ബഹദൂര്‍ എന്നിവരാണ് പിടിയിലായത്. ഇന്ന് (സെപ്‌റ്റംബര്‍ 20) രാവിലെയാണ് സംഘം പിടിയിലായത്.
മോഷണത്തില്‍ പങ്കാളിയായ ഡേവിഡ് എന്നയാള്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മോഷ്‌ടിച്ച വസ്‌തുക്കളുമായി സംഘം നേപ്പാളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ലുധിയാന പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. വീട്ടില്‍ നിന്നും കവര്‍ന്ന സ്വര്‍ണവും പണവും സംഘത്തില്‍ നിന്നും പൊലീസ് കണ്ടെടുത്തു.
കുടുംബത്തിന് മയക്ക് മരുന്ന് നല്‍കി കവര്‍ച്ച: സെപ്‌റ്റംബര്‍ 18നാണ് മുന്‍ മന്ത്രി ജഗദീഷ് സിങ് ഗാര്‍ച്ചയുടെ ലുധിയാനയിലെ (Former Cabinet Minister Jagdish Garcha) വസതിയില്‍ മോഷണം നടന്നത്. വീട്ടിലുണ്ടായിരുന്ന ജഗദീഷ് ഗാര്‍ച്ച, ഭാര്യ ദല്‍ജിത് കൗര്‍, സഹോദരി ഭൂയ ദലിപ് കൗർ, വീട്ടു ജോലിക്കാരി രേണു എന്നിവരെ അബോധാവസ്ഥയിലാക്കിയാണ് മോഷണം നടത്തിയത്. വീട്ടില്‍ നിന്നും ഒരു കോടി രൂപയും സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വാച്ചുമാണ് മോഷണം പോയത്.
സംഭവത്തിന് പിന്നാലെ മൂന്ന് മാസം മുമ്പ് വീട്ടില്‍ ജോലിക്കെത്തിയയാളെ കാണാതായിരുന്നു. ഇതോടെയാണ് അന്വേഷണം വീട്ടു ജോലിക്കാരനിലേക്ക് എത്തിയത്. ഞായറാഴ്‌ച (സെപ്‌റ്റംബര്‍ 17) രാത്രി ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി നല്‍കിയാണ് വീട്ടിലുള്ളവരെ ഇയാള്‍ അബോധാവസ്ഥയിലാക്കിയത്. തിങ്കളാഴ്‌ച (സെപ്‌റ്റംബര്‍ 18) രാവിലെ വീട്ടിലെത്തിയ ബന്ധു കോളിങ് ബെല്‍ അടിച്ചിട്ടും വാതില്‍ തുറന്നില്ല. ഇതോടെ സംശയം തോന്നിയ ബന്ധു പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. (Theft Case Of Former Minister Jagdish Garcha)
പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് കുടുംബത്തെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചു. മൂന്ന് മാസം മുമ്പ് ജോലിക്കെത്തിയ യുവാവാണ് മോഷണത്തിന് പിന്നിലെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം അറസ്റ്റിലായത്.
പൊലീസിന്‍റേത് മികച്ച പ്രവര്‍ത്തനം: പ്രതികളെ പിടികൂടിയതിലൂടെ പൊലീസ് മികച്ച ജോലി ചെയ്‌തതെന്ന് ജഗദീഷ് ഗാര്‍ച്ചയുടെ മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തില്‍ ലുധിയാന പൊലീസും ഡല്‍ഹി പൊലീസും സംയുക്തമായാണ് അന്വേഷണം നടത്തിയത്. വീട്ടില്‍ ജോലിക്കെത്തിയയാളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താത്ത തങ്ങളുടെ ഭാഗത്താണ് തെറ്റ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.