ന്യൂഡൽഹി : സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്‍റെ നടപടികള്‍ സെപ്റ്റംബർ 27 മുതൽ തത്സമയം സംപ്രേഷണം ചെയ്യാൻ തീരുമാനം. കോടതി പ്രവർത്തനങ്ങളിലെ സുതാര്യത വർധിപ്പിക്കുന്നതിന്‍റെയും നടപടികള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന്‍റെയും ഭാഗമായാണ് നടപടി. 2018ൽ ഇതുസംബന്ധിച്ച സുപ്രീം കോടതി വിധി വന്ന് നാല് വർഷങ്ങൾക്ക് ശേഷമാണ് പ്രാബല്യത്തിലാവുന്നത്.
ചീഫ് ജസ്റ്റിസ് യുയു ലളിതിന്‍റെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച വൈകിട്ട് ചേർന്ന ഫുൾ കോർട്ട് യോഗത്തിലാണ് സുപ്രീം കോടതിയിലെ 30 ജഡ്‌ജിമാർ ഏകകണ്ഠേന തീരുമാനമെടുത്തത്. ഓഗസ്‌റ്റ് 26ന് അന്നത്തെ ചീഫ് ജസ്‌റ്റിസായിരുന്ന എൻവി രമണയുടെ വിരമിക്കലുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതി ആദ്യമായി തത്സമയ സംപ്രേഷണം നടത്തുന്നത്. എന്‍വി രമണയുടെ അവസാന വിധി പ്രസ്‌താവനകളുടെ വെബ് കാസ്റ്റ്, പോര്‍ട്ടലിലൂടെ സംപ്രേഷണം ചെയ്‌തിരുന്നു.
സുപ്രീം കോടതിയുടെ നിര്‍ണായക വിധി : 2018 സെപ്‌റ്റംബർ 26ന് ഭരണഘടനാപരമായോ ദേശീയപരമായോ പ്രാധാന്യമുള്ള കേസുകളിൽ തത്സമയ സംപ്രേഷണം നടത്താമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വൈവാഹിക തർക്കങ്ങളോ ലൈംഗികാതിക്രമമോ പോലുള്ള സെൻസിറ്റീവ് കേസുകൾ തത്സമയം സംപ്രേഷണം ചെയ്യില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കോടതി നടപടികളുടെ തത്സമയ സംപ്രേഷണം ആവശ്യപ്പെട്ട് 2018ൽ പ്രത്യേക ഹർജി നൽകിയ ആക്‌ടിവിസ്‌റ്റും അഭിഭാഷകയുമായ ഇന്ദിര ജെയ്‌സിങ് അന്നത്തെ വിധി നടപ്പാക്കാനാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യുയു ലളിതിന് കത്തെഴുതിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് തീരുമാനം.
ആദ്യം യൂട്യൂബ് വഴി സംപ്രേഷണം ചെയ്യുമെങ്കിലും പിന്നീട് കോടതി നടപടികള്‍ സെർവറിലൂടെ ഹോസ്റ്റ് ചെയ്യും. സെല്‍ഫോണ്‍, ലാപ്‌ടോപ്പ്, കമ്പ്യൂട്ടര്‍ എന്നിവയിലൂടെ കോടതി നടപടികള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. പൗരത്വ നിയമ ഭേദഗതി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിനുള്ള സംവരണം എന്നിവയുള്‍പ്പടെ നിരവധി സുപ്രധാന കേസുകൾ അടുത്തയാഴ്‌ച സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്.