ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനോട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി.
പെഗാസസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ സ്വതന്ത്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഹര്‍ജികളില്‍ ചൊവ്വാഴ്ച വീണ്ടും വാദം കേൾക്കും.
പെഗാസസ് വിഷയത്തിൽ അന്വേഷണത്തിന് വിദഗ്‌ധ സമിതിയെ നിയോഗിക്കാമെന്ന് കേന്ദ്രം പറഞ്ഞു. എന്നാൽ ഫോണ്‍ ചോര്‍ത്തിയോ, ചോര്‍ത്തലിന് ആര് അനുമതി നല്‍കി എന്നിവ സംബന്ധിച്ച് പരിശോധിക്കാന്‍ സമിതിക്ക് ആകുമോയെന്ന് കോടതി ചോദിച്ചു.
Also read: പെഗാസസ് റിപ്പോർട്ടിനെതിരെ ലോക്‌സഭയിൽ അടിയന്തര പ്രമേയം
കൂടുതല്‍ വ്യക്തതയ്ക്ക് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കുമോ ഇല്ലയോ എന്നത് സര്‍ക്കാര്‍ ചൊവ്വാഴ്ച അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 'പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് സര്‍ക്കാര്‍ വ്യക്തമാക്കണം. അത് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.
നിയമവിരുദ്ധമായ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കാന്‍ എന്ത് നടപടിയാണ് എടുത്തിട്ടുള്ളത്. സര്‍ക്കാരിന് വേണമെങ്കില്‍ ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി വിശദമായ സത്യവാങ്മൂലം സമയമെടുത്ത് നല്‍കാം' - ചീഫ് ജസ്റ്റിസ് എന്‍.വി.രമണ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് പറഞ്ഞു.
അതേസമയം പെഗാസസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങൾ കേന്ദ്രം നിഷേധിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് വിദഗ്‌ധ സമിതി രൂപീകരിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച രണ്ട് പേജുള്ള സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.