ന്യൂഡല്‍ഹി: സൈന്യത്തിലെ സ്ഥാനക്കയറ്റ വിഷയത്തില്‍ ലിംഗസമത്വം പാലിക്കാത്തതിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി സുപ്രീം കോടതി. തങ്ങളുടെ സ്ഥാനക്കയറ്റില്‍ കാലതാമസം വരുത്തിയെന്നാരോപിച്ച് വനിത സൈനികര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്‌റ്റിസ് പിഎസ് നരസിംഹ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
യുദ്ധവും കമാന്‍റിങ്ങ് റോളുകളുമടക്കമുള്ള സ്ഥാനക്കയറ്റങ്ങള്‍ക്കായി തങ്ങളുടെ ജൂനിയര്‍മാരായ പുരുഷന്‍മാരെ പരിഗണിക്കുന്നുവെന്ന് ചൂണ്ടികാട്ടി 34 വനിത സൈനിക ഉദ്യോഗസ്ഥരാണ് ഹര്‍ജി നല്‍കിയത്. വനിത ഉദ്യോഗസ്ഥരോട് നിങ്ങള്‍ നീതി പുലര്‍ത്തിയില്ല എന്ന് കോടതി പറഞ്ഞു. നീതി പുലര്‍ത്തിയെന്ന് തോന്നുന്നുണ്ടെങ്കില്‍ അവരുടെ സ്ഥാനക്കയറ്റത്തിനായി എന്ത് ക്രമീകരണങ്ങളാണ് ചെയ്‌തതെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.
ആദ്യം പുറത്ത് വിടേണ്ടത് വനിതകളുടെ ഫലം: സൈനികരായ വനിതകളുടെ സ്ഥാനക്കയറ്റത്തെ സംബന്ധിച്ച ഫലം പ്രഖ്യാപിക്കുന്നത് മുമ്പ് ഒക്‌ടോബര്‍ മാസത്തില്‍ പരിഗണിച്ച പുരുഷന്‍മാരുടെ ഫലം പുറത്ത് വിടാന്‍ പാടുള്ളതല്ല എന്ന് കോടതി നിര്‍ദേശിച്ചു. ഒക്‌ടോബറില്‍ നടക്കേണ്ട സ്ഥാനക്കയറ്റത്തിന് എന്തുകൊണ്ട് വനിതകളെ പരിഗണിച്ചില്ല എന്ന് കേന്ദ്രത്തിനും സായുധ സേനയ്ക്കും വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ സഞ്ജയ് ജെയിൻ, മുതിർന്ന അഭിഭാഷകൻ ആർ ബാലസുബ്രഹ്മണ്യൻ എന്നിവരോട് ബെഞ്ച് ചോദിച്ചു.
വനിതകളുടെ എസ്‌ബി3 പൂര്‍ത്തിയാകുന്നത് വരെ ഒക്‌ടോബറില്‍ എസ്‌ബി3യുടെ അടിസ്ഥാനത്തില്‍ പരിഗണിച്ച പുരുഷന്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കരുതെന്ന് കോടതി ആവശ്യപ്പെട്ടു. വനിത ഉദ്യോഗാര്‍ഥികളുടെ കാര്യത്തില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ചൂണ്ടിക്കാട്ടിയ നിയമ ഉദ്യോഗസ്ഥരോട് നിങ്ങള്‍ നീതി പുലര്‍ത്തുമെന്ന് ഉറപ്പില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറലിനെയും മുതിർന്ന അഭിഭാഷകനെയും ചൂണ്ടിക്കാട്ടി കോടതി വിമര്‍ശിച്ചു.
150 ഒഴിവുകള്‍ ഉണ്ടെന്ന് കേന്ദ്രം: വനിതകളുടെ സ്ഥാനക്കയറ്റത്തിനായി സൈന്യം 150 സീറ്റുകള്‍ അനുവദിച്ചിട്ടുണ്ടെന്നാണ് സൈനിക അധികൃതരുടെ വിശദീകരണം. അതേസമയം, വനിത ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്‌ക്ക് ശേഷം 1200 ജൂനിയറായുള്ള പുരുഷന്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതായി വനിതകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി മോഹന വ്യക്തമാക്കി.
മാത്രമല്ല, ഏറ്റവും ഒടുവിലത്തെ വാദം പൂര്‍ത്തിയായതിന് ശേഷം ഉയര്‍ന്ന റാങ്കുകളിലേക്കായി ഒന്‍പത് പുരുഷന്‍മാരെയാണ് സൈന്യം പരിഗണിച്ചത്. മുതിര്‍ന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നത് വരെ മറ്റൊരു വിധത്തിലുള്ള സ്ഥാനക്കയറ്റങ്ങളും അനുവദിക്കരുതെന്നും വനിത സൈനികരുടെ അഭിഭാഷകൻ പറഞ്ഞു. യുദ്ധത്തിലും കമാന്‍റിങ്ങിനുമായി ഇനി ഒഴിവുകള്‍ ഒന്നുമില്ല എന്നായിരിക്കും എതിര്‍ഭാഗം നല്‍കുന്ന വിശദീകരണമെന്ന് മുതിര്‍ന്ന അഭിഭാഷക പറഞ്ഞു.
34 വനിതകള്‍ക്കെതിരെ വിവേചനം കാണിച്ചതിന് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന കാര്യത്തില്‍ കേന്ദ്രത്തോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിനും സേനയ്‌ക്കും വേണ്ടി ഹാജരായ ആര്‍ ബാലസുബ്രഹ്മണ്യന്‍ പറഞ്ഞത് നവംബര്‍ 22ന് കോടതി അവസാന വാദം പൂര്‍ത്തിയാക്കിയതിന് ശേഷം ഒരു ഉദ്യോഗസ്ഥര്‍ക്കും സ്ഥാനക്കയറ്റം നല്‍കിയില്ല എന്നാണ്.
പെർമനന്‍റ് കമ്മീഷൻഡ് ഓഫീസർമാരായ കേണൽ പ്രിയംവദ എ മർദിക്കർ, കേണൽ ആശാ കാലെ എന്നിവരുൾപ്പെടെ 34 വനിത സൈനിക ഉദ്യോഗസ്ഥരാണ് തങ്ങളുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് ഹര്‍ജി സമര്‍പ്പിച്ചത്. ഒക്‌ടോബര്‍ മാസത്തില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക സെലക്ഷന്‍ ബോര്‍ഡ് സ്ഥാനക്കയറ്റത്തിനായി തങ്ങളുടെ ജൂനിയറായ പുരുഷന്‍മാരെ പരിഗണിച്ചു എന്നതാണ് പരാതി. 150 അധിക തസ്‌തികകള്‍ക്കായി വനിത ഉദ്യോഗസ്ഥരെ പ്രത്യേക സെലക്ഷന്‍ ബോര്‍ഡ് പരിഗണിക്കുമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു.