ന്യൂഡല്‍ഹി: 26 ആഴ്‌ചയിലധികം പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി. രണ്ടാമത്തെ പ്രസവത്തെ തുടര്‍ന്ന് പോസ്‌റ്റ് പാര്‍ട്ടം ഡിപ്രഷന്‍ ബാധിച്ചുവെന്നും അതിനാല്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് വിവാഹിതയായ സ്‌ത്രീ നല്‍കിയ ഹര്‍ജിയാണ് തിങ്കളാഴ്‌ച (16.10.2023) സുപ്രീംകോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായി ജസ്‌റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഗർഭം വൈദ്യശാസ്‌ത്രപരമായി ഇല്ലാതാക്കുന്നത് അനുവദിക്കാനാവില്ലെന്നറിയിച്ച് ഹര്‍ജി തള്ളിയത്.
മാത്രമല്ല യുവതിക്ക് ഗര്‍ഭകാലയളവ് പൂര്‍ത്തിയാക്കാനുള്ള എല്ലാ വൈദ്യസഹായവും ലഭ്യമാക്കണമെന്നും ന്യൂഡല്‍ഹി എയിംസിനോട് ബെഞ്ച് ആവശ്യപ്പെട്ടു. വളര്‍ച്ചയെത്താത്ത കുഞ്ഞിനെ മാസം തികയാതെ പ്രസവിക്കാനുള്ള ഓപ്‌ഷന്‍ പരിഗണിക്കുന്നതിനോടും കോടതി വിസമ്മതിച്ചു. ജനനശേഷം അമ്മ ആഗ്രഹിക്കുന്നുവെങ്കില്‍ കുഞ്ഞിന്‍റെ സംരക്ഷണം സംസ്ഥാനത്തിന് ഏറ്റെടുക്കാമെന്നും ബെഞ്ച് അറിയിച്ചു.
അസ്വാഭാവികതകളില്ലെന്ന് കോടതി: ആര്‍ട്ടിക്കിള്‍ 142 പ്രകാരം സമ്പൂര്‍ണ നീതി നടപ്പാക്കാനാവുമെങ്കിലും എല്ലാ കേസിലും ഇത് ഉപയോഗിക്കരുതെന്നും ബെഞ്ച് വ്യക്തമാക്കി. അതേസമയം 2022 ഒക്‌ടോബര്‍ 10 മുതല്‍ യുവതി പോസ്‌റ്റ് പാര്‍ട്ടം ഡിപ്രഷന് ചികിത്സ തേടുന്നുണ്ടെന്നത് വ്യക്തമാക്കുന്ന കുറിപ്പടികള്‍ സമര്‍പ്പിച്ചതായി ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ അമിത് മിശ്ര കോടതിയെ അറിയിച്ചു. എന്നാല്‍ രോഗാവസ്ഥയ്‌ക്ക് നല്‍കിയ പ്രാരംഭ കുറിപ്പടിയുടെ സ്വഭാവം വ്യക്തമല്ലെന്നും ഈ കുറിപ്പടികള്‍ പ്രകാരം നല്‍കിയ മരുന്നുകളും രോഗത്തിന്‍റെ സ്വഭാവവും നിശബ്‌ദമാണെന്നും കോടതി വിലയിരുത്തി.
ഇനിയും സംശയമെങ്കില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാം: ഗര്‍ഭസ്ഥ ശിശുവിന് എന്തെങ്കിലും അസ്വാഭാവികതയുണ്ടോ. നിർദേശിച്ച മരുന്നുകൾ വഴി ഗർഭധാരണം പൂർണ കാലയളവ് വരെ തുടരുന്നത് അപകടത്തിലാക്കുമെന്ന് സൂചിപ്പിക്കുന്ന എന്തെങ്കിലും തെളിവുകളുണ്ടോ എന്നിവ മനസിലാക്കാന്‍ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി നിയമവുമായി ബന്ധപ്പെട്ട് എയിംസില്‍ നിന്നും മെഡിക്കൽ അഭിപ്രായം ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. എന്നാല്‍ ഗര്‍ഭസ്ഥ ശിശു സാധാരണ നിലയിലാണെന്നാണ് എയിംസിന്‍റെ തന്നെയുള്ള മുന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും ഇനിയും സംശയമുണ്ടെങ്കില്‍ അത് ഉയര്‍ത്താന്‍ കൂടുതല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഹര്‍ജി വന്ന വഴി: രണ്ടാമത്തെ പ്രസവത്തെ തുടര്‍ന്ന് പോസ്‌റ്റ് പാര്‍ട്ടം ഡിപ്രഷന്‍ ബാധിച്ചുവെന്ന് ചൂണ്ടിക്കാണിച്ച യുവതിയുടെ 26 ആഴ്‌ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ മുമ്പ് കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ സുപ്രീംകോടതി വിധിക്കെതിരായി കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. അമ്മയ്‌ക്ക് മാനസിക പ്രയാസങ്ങളുണ്ടെങ്കിലും കുഞ്ഞ് ആരോഗ്യത്തോടെ ജനിക്കാന്‍ സാധ്യതയുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് ഉയര്‍ത്തിയായിരുന്നു ഐശ്വര്യ ഭാട്ടി കോടതിയെ സമീപിച്ചത്.
ഇതോടെ ഹര്‍ജി വനിത ജസ്‌റ്റിസുമാരായ ഹിമ കൊഹ്‌ലി, ബിവി നാഗരത്ന എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചിന് മുന്നിലെത്തി. എന്നാല്‍ ഇതില്‍ ജസ്‌റ്റിസ് ഹിമ കൊഹ്‌ലി യുവതിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുന്നതിനോട് വിയോജിക്കുകയായിരുന്നു. ഇതോടെയാണ് വിഷയം ചീഫ് ജസ്‌റ്റിസിന് മുന്നിലേക്ക് നീങ്ങിയത്.
മരണത്തിന് വിട്ടുകൊടുക്കാനാവില്ലെന്ന് കോടതി: യുവതി തീരുമാനം പുനഃപരിശോധിക്കുകയും ഏതാനും ആഴ്‌ചകൾ കൂടി ഗർഭം ചുമക്കുകയും ചെയ്‌താൽ കുട്ടി വൈകല്യങ്ങളില്ലാതെ ജനിക്കുമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചിന്‍റെ വിലയിരുത്തല്‍. മാത്രമല്ല കോടതിയുത്തരവ് വഴി ഒരു കുഞ്ഞിനെ എങ്ങനെ മരണത്തിന് വിട്ടുകൊടുക്കാനാകുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. കൂടാതെ വാദിഭാഗം അഭിഭാഷകനോട് തന്‍റെ കക്ഷിയെ ഉപദേശിക്കാനും അദ്ദേഹം നിർദേശിച്ചിരുന്നു.
ആരാണ് ഗർഭസ്ഥ ശിശുവിന് വേണ്ടി ഹാജരാകുന്നത്. നിങ്ങൾ അമ്മയ്ക്കുവേണ്ടിയാണ് ഹാജരായിരിക്കുന്നത്. ഇത് ഗർഭസ്ഥ ശിശുവിന്‍റെ അവകാശങ്ങൾ എങ്ങനെ സന്തുലിതമാക്കുമെന്നും ചീഫ് ജസ്‌റ്റിസ് യുവതിയുടെ അഭിഭാഷകനോട് ചോദിച്ചിരുന്നു. ഇത് ജീവനുള്ള ഒരു ഭ്രൂണമാണെന്നും അതിന് അതിജീവിക്കാനുള്ള സാധ്യതകളുണ്ടെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. എന്നാല്‍ ഇതിന് മറുപടിയായി കുട്ടിയുടെ ഹൃദയമിടിപ്പ് തടയാൻ തന്‍റെ കക്ഷി ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഗർഭകാലത്തിലൂടെ കടന്നുപോകാൻ അവര്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അറിയിക്കുന്നതെന്നും ഹർജിക്കാരിയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചിരുന്നു.