പട്‌ന: റെയിൽവേ ഭൂമി കുംഭകോണ കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനും, പിതാവും മുൻ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിനുമെതിരെ നടപടി കടുപ്പിച്ച് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. ഇരുവരെയും ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് ഇഡി സമൻസ് അയച്ചു. ഇന്ന് പുറപ്പെടുവിച്ച സമൻസിൽ അച്‌ഛനോടും മകനോടും ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിനെത്താൻ നിർദേശിച്ചു. തേജസ്വി യാദവിനെ ഡിസംബർ 22 വെള്ളിയാഴ്‌ചയും, ലാലുവിനെ ഡിസംബർ 27 ബുധനാഴ്‌ചയും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.
ലാലു പ്രസാദ് കുടുംബത്തിന്‍റെ അടുത്തയാളായ അമിത് കത്യാലിനെ ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് അച്‌ഛനും മകനും സമൻസയച്ചത്. നവംബറിലാണ് ഇഡി ഇയാളെ അറസ്‌റ്റ് ചെയ്‌തത്. ഇക്കഴിഞ്ഞ ഏപ്രിൽ 11 നും തേജസ്വിയെ ഇഡി എട്ട് മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു. എന്നാൽ ഇതാദ്യമായാണ് ലാലു പ്രസാദിനെ അന്വേഷണത്തിന്‍റെ ഭാഗമായി വിളിപ്പിക്കുന്നത്.
അഴിമതി, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജ രേഖ ചമയ്‌ക്കല്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പ്രഥമദൃഷ്‌ട്യാ തെളിഞ്ഞതായി കേസില്‍ പ്രതികള്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ജൂലൈ മൂന്നിനാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സിബിഐ ആണ് ഈ കേസന്വേഷിച്ചിരുന്നത്. പിന്നീട് സിബിഐ നൽകിയ പരാതിയെ തുടർന്നാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ ക്രിമിനൽ വകുപ്പുകൾ പ്രകാരം ഇഡി കേസെടുത്തത്.
ഭൂമി വാങ്ങി തൊഴില്‍ നല്‍കി അഴിമതി: ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍ മന്ത്രിയായിരുന്ന കാലത്താണ് ഭൂമി കുംഭകോണം നടന്നത്. റെയില്‍വേ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഭൂമി കോഴയായി വാങ്ങി ജോലി നല്‍കി എന്നതായിരുന്നു കേസ്. 2004 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ അഴിമതി നടന്നു എന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
ഭൂമി കുംഭകോണത്തിലൂടെ ലാലു പ്രസാദ് യാദവിന്‍റെ കുടുംബവുമായി ബന്ധമുള്ള കമ്പനികള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് സിബിഐ ആരോപിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കുംഭകോണവുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവിന്‍റെ കുടുംബവുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ ഇഡി റെയ്‌ഡ് നടത്തിയിരുന്നു. പ്രസ്‌തുത റെയ്‌ഡില്‍ 600 കോടിയുടെ അഴിമതി നടന്നതായി തെളിയിക്കുന്ന രേഖകളും മറ്റും കണ്ടെത്തിയതായി ഇഡി വെളിപ്പെടുത്തുകയുണ്ടായി.
ഇഡി കണ്ടെത്തിയത് കോടിക്കണക്കിന് സ്വത്തുക്കള്‍: 250 കോടിയുടെ ഇടപാടുകള്‍ നടന്നു എന്നും 350 കോടിയുടെ സ്വത്ത് സംബന്ധിച്ച രേഖകള്‍ ലഭിച്ചു എന്നുമായിരുന്നു റെയ്‌ഡിന് പിന്നാലെ ഇഡി നല്‍കിയ വിശദീകരണം. ലാലു പ്രസാദ് യാദവിന്‍റെ മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്‍റെ ഡല്‍ഹിയിലെ വസതിയും ഇഡി റെയ്‌ഡ് ചെയ്‌തിരുന്നു. വിവിധ ഇടങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ കണക്കില്‍ പെടാത്ത ഒരു കോടി രൂപയും 1900 യു എസ് ഡോളറും 540 ഗ്രാം സ്വര്‍ണക്കട്ടിയും 1.5 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും സ്വത്തുക്കളുടെ ക്രയവിക്രയ രേഖകളും കണ്ടെത്തിയിരുന്നു.
ലാലുവിന്‍റെ കുടുംബവും ഇവരുടെ കൂട്ടാളികളും ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉള്‍പ്പെടെ നിക്ഷേപം നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. അതേസമയം റെയില്‍വേയില്‍ ഒഴിവുവന്ന തസ്‌തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചില്ലെന്നും ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി റെയില്‍വേ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. ഉദ്യോഗാര്‍ഥികളില്‍ നിന്ന് തുച്ഛമായ വിലയ്‌ക്ക് കൈക്കലാക്കിയ ഭൂമിയ്‌ക്ക് നിലവില്‍ കോടികളാണ് വിപണി മൂല്യമെന്നും കുറ്റപത്രത്തില്‍ ഉണ്ട്.