ന്യൂഡല്‍ഹി : പഞ്ചാബിനെ ഇനി സുഖ്‌ജിന്തര്‍ സിംഗ് രണ്‍ദാവെ നയിച്ചേക്കും. രഥ് ഭൂഷണ്‍, കരുണ ചൗധരി എന്നിവര്‍ ഉപമുഖ്യമന്ത്രിമാരാകുമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമരീന്ദര്‍ സിംഗ് കഴിഞ്ഞ ദിവസം രാജിവച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം സുഖ്‌ജിന്തര്‍ സിംഗിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാനൊരുങ്ങുന്നത്.
എന്നാല്‍ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് താനോ തന്‍റെ കുടുംബമോ വലിയ സ്ഥാനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.മുഖ്യമന്ത്രി സ്ഥാനത്തേക്ക് താങ്കളുടെ പേരാണ് പരിഗണിക്കുന്നതായി കേള്‍ക്കുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താങ്കള്‍ ഒരു കോണ്‍ഗ്രസുകാരനോടാണ് ചോദ്യം ചോദിക്കുന്നതെന്ന് ഓര്‍മിക്കണമെന്നായിരുന്നു മറുപടി.
അംബിക സോണി, സുനില്‍ ജാഖര്‍, പ്രതാപ് സിംഗ് ബജ്‍വ എന്നിവര്‍ ആദ്യ പട്ടികയില്‍
പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്മാരായ സുനില്‍ ഝാഖര്‍, പ്രതാപ് സിംഗ് ബജ്‍വ, അംബിക സോണി എന്നിവരുടെ പേരുകളാണ് ആദ്യ ഘട്ടത്തില്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ സുഖ്‍ജിന്തര്‍ സിംഗിന് മുന്‍ഗണന ലഭിക്കുകയായിരുന്നു.
രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍, മുഖ്യമന്ത്രി ആകാനില്ലെന്ന് അംബിക സോണി വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. സിഖ് സമുദായത്തില്‍ നിന്നുള്ളയാള്‍ മുഖ്യമന്ത്രിയാകട്ടെ എന്നായിരുന്നു അംബിക സോണിയുടെ നിലപാട്.
കൂടുതല്‍ വായനക്ക്: തിരുവോണം ബമ്പര്‍ : 12 കോടി തൃപ്പൂണിത്തുറയില്‍ വിറ്റ ടിക്കറ്റിന്
പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമിടെ കഴിഞ്ഞ ദിവസമാണ് അമരീന്ദര്‍ സിംഗ് രാജിവച്ചത്. അൻപതോളം എംഎൽഎമാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദർ സിംഗിനെ മാറ്റണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തുനൽകിയിരുന്നു. നാല് മന്ത്രിമാരും മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തി. അമരീന്ദർ സിംഗിനെ മാറ്റിയില്ലെങ്കിൽ രാജിവയ്ക്കുമെന്നും ഇവര്‍ ഭീഷണി മുഴക്കിയിരുന്നു.