അമരാവതി : ഇന്‍റർമീഡിയറ്റ് പരീക്ഷ പാസാകാത്തതിനെ തുടർന്ന് ആന്ധ്രാപ്രദേശിന്‍റെ വിവിധ ഭാഗങ്ങളിലായി 9 വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തു. ആത്മഹത്യക്ക് ശ്രമിച്ച രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. പരീക്ഷ പാസാകാത്തതിലും മാർക്ക് കുറഞ്ഞതിലും മനം നൊന്താണ് വിദ്യാർഥികളുടെ കൂട്ട ആത്മഹത്യ.
ആത്മഹത്യ ചെയ്‌തത് 9 വിദ്യാർഥികൾ : ചിറ്റൂർ ജില്ലയിലെ പുങ്ങനൂർ മണ്ഡലം ഇടവക്കിളി സ്വദേശിനിയായ അനുഷ (17), ചിറ്റൂർ ജില്ലയിലെ ബൈറെഡ്ഡിപള്ളയിലെ ബാബു (17), ആനക്കാപ്പള്ളിയിലെ കരുബോട്ടു തുളസി കിരൺ (17), ശ്രീകാകുളം ജില്ലയിലെ ശാന്തബൊമ്മാലി മണ്ഡലം ദണ്ഡുഗോപാലപുരം ഗ്രാമത്തിലെ ബാലക തരുൺ (17), വിശാഖപട്ടണം സ്വദേശിയായ അത്മകുരു അഖിലശ്രീ (16), വിശാഖ പൽനാട്ടി കോളനി ശ്രീനിവാസനഗർ സ്വദേശി ബോണേല ജഗദീഷ് (18), അനന്തപൂർ ജില്ലയിലെ കണേക്കല്ലു മണ്ഡലത്തിലെ ഹനകനഹൽ ഗ്രാമത്തിലെ മഹേഷ് (17) എൻടിആർ ജില്ലയിലെ നന്ദിഗമ സ്വദേശി ഷെയ്‌ഖ് ജോൺ സൈദ (16), ചില്ലക്കല്ലു സ്വദേശി രമണ രാഘവ എന്നീ വിദ്യാർഥികളാണ് ആത്മഹത്യ ചെയ്‌തത്.
വിജയനഗരം ജില്ലയിലെ രണ്ട് വിദ്യാർഥികൾ ആത്മഹത്യക്ക് ശ്രമിച്ചു. വിജയനഗരം ജില്ലയിലെ ഗരിവിഡി മണ്ഡലത്തിലെ വിദ്യാർഥിയും ഇതേ ജില്ലയിലെ രാജം മണ്ഡലിലെ ഗ്രാമത്തിൽ നിന്നുള്ള ഇന്‍റർ ഒന്നാം വർഷ വിദ്യാർഥിയുമാണ് വ്യാഴാഴ്‌ച ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ച അനുഷ കർണാടകയിലെ മുത്തശ്ശിയുടെ വീട്ടിലേക്ക് പോയിരുന്നു. ബുധനാഴ്‌ച അമ്മ വിളിച്ച് ഒരു വിഷയത്തിൽ പരാജയപ്പെട്ടുവെന്ന് കുട്ടിയോട് പറഞ്ഞു. തുടർന്ന് വ്യാഴാഴ്‌ച രാവിലെ കുട്ടിയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തുകയായിരുന്നു. വിദ്യാർഥിയായ ബാബു ഇന്‍റർ എംപിസി രണ്ടാം വർഷ മാത്തമാറ്റിക്‌സ് പാസാകാത്തതിൽ മനംനൊന്ത് ബുധനാഴ്‌ച രാത്രി ആത്മഹത്യ ചെയ്യുകയായിരുന്നു. തുളസി കിരൺ എന്ന വിദ്യാർഥി ഇന്‍റർ ഒന്നാം വർഷത്തിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് വ്യാഴാഴ്‌ചയാണ് ആത്മഹത്യ ചെയ്‌തത്.
രാജമഹേന്ദ്രവാരത്തെ കുടിയേറ്റ തൊഴിലാളികളായ ദമ്പതികളുടെ മകനായ ബാലക തരുൺ പരീക്ഷ പാസാകാത്തതിൽ മനംനൊന്ത് വ്യാഴാഴ്‌ച ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മകുരു അഖിലശ്രീയുടെ അമ്മ കൂലിപ്പണി ചെയ്‌താണ് മകളെ പഠിപ്പിച്ചിരുന്നത്. പരീക്ഷ പാസാകാത്തതിൽ നിരാശപ്പെട്ട് വ്യാഴാഴ്‌ചയാണ് വിദ്യാർഥിനി ആത്മഹത്യ ചെയ്‌തത്. കുട്ടിയുടെ ആത്മഹത്യയ്‌ക്ക് ശേഷം മൃതദേഹം രഹസ്യമായി ശ്‌മശാനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് തടയുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കെജിഎച്ചിലേക്ക് മാറ്റുകയും ചെയ്‌തു.
ഇന്‍റർ ഒന്നാം വർഷ വിദ്യാർഥിയായ മഹേഷ് പരീക്ഷ എഴുതിയില്ല. ബുധനാഴ്‌ച പരീക്ഷ ഫലം പുറത്തുവന്നതോടെ രക്ഷിതാക്കൾ ഇത് ചോദ്യം ചെയ്‌തു. ഇതിന് പിന്നാലെ വിദ്യാർഥി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്‍റർ ഒന്നാം വർഷ വിദ്യാർത്ഥി ഷെയ്ഖ് ജോൺ സൈദയുടെ മരണത്തിൽ പരീക്ഷ മൂല്യനിർണയം തെറ്റാണെന്നാരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തി.
Also read : പരീക്ഷ പേടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തു; അത് കണ്ട വീട്ടുടമ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു