അജ്‌മീര്‍: പ്രവാചകന്‍ മുഹമ്മദിന് എതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്‌താവ് നുപുര്‍ ശര്‍മ്മയെ വധിക്കുന്നവര്‍ക്ക് തന്‍റെ മുഴുവന്‍ സ്വത്തും നല്‍കുമെന്ന് പ്രഖ്യാപിച്ച സൂഫി പുരോഹിതന്‍ അറസ്‌റ്റില്‍. അജ്‌മീറിലെ ഹുസൂര്‍ ഖ്വാജ ബാബ ദര്‍ഗയിലെ പുരോഹിതന്‍ സല്‍മാന്‍ ചിഷ്‌ടിയെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. നുപുര്‍ ശര്‍മയുടെ തല വെട്ടുന്നവര്‍ക്ക് തന്‍റെ എല്ലാ സ്വത്തുക്കളും നല്‍കുമെന്ന് പ്രഖ്യാപിക്കുന്ന വീഡിയോ ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്യുകയായിരുന്നു. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇയാള്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും മുന്‍പും ഇയാള്‍ക്ക് എതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും എഎസ്‌പി വികാസ് സങ്ക്‌വാന്‍ പറഞ്ഞു. നുപുര്‍ ശര്‍മ എല്ലാ മുസ്ലീം രാജ്യങ്ങളോടും ഉത്തരം പറയേണ്ടി വരുമെന്നും, ഹുസൂര്‍ ഖ്വാജ ബാബയുടെ ദര്‍ബാറില്‍ നിന്നാണ് തന്‍റെ സന്ദേശമെന്നും സല്‍മാന്‍ ചിഷ്‌ടി വിഡിയോയില്‍ പറയുന്നു.
ഇതേ ദര്‍ഗയ്‌ക്ക് മുന്നില്‍ നിന്ന് നുപൂര്‍ ശര്‍മയ്‌ക്ക് എതിരെ വധഭീഷണി മുഴക്കിയതിന് നാല് പേരെ കഴിഞ്ഞയാഴ്‌ച രാജസ്ഥാന്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പ്രവാചകന് എതിരെയുള്ള പ്രസ്‌താവനയില്‍ നുപുര്‍ ശര്‍മയെ പിന്തുണച്ചതിന് രാജസ്ഥാനിലെ ഉദയ്‌പൂരില്‍ കനയ്യ ലാല്‍ എന്ന ടൈലറെ രണ്ട് പേര്‍ ചേര്‍ന്ന് വധിച്ചിരുന്നു. വധിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ പ്രചരിപ്പിക്കുകയും ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ എന്‍ഐഎ ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.