ഗാന്ധിനഗർ : മുതൽവൻ എന്ന തമിഴ് ചിത്രത്തിൽ ടി.വി ജേണലിസ്റ്റ് പുകഴേന്തിക്ക് ഒരു ദിവസത്തേക്ക് മുഖ്യമന്ത്രിയാകാൻ അവസരം ലഭിക്കുന്നതും അന്ന് അയാള്‍ സംസ്ഥാനത്ത് വരുത്തുന്ന മാറ്റങ്ങളും സിനിമാപ്രേമികൾ ആസ്വദിച്ച് കണ്ടതാണ്.അതുപോലെ ഒരു ദിവസത്തേക്ക് ഭാഗ്യം ലഭിച്ചിരിക്കുകയാണ് ഗുജറാത്തിലെ 182 സ്‌കൂൾ വിദ്യാർഥികൾക്ക്. ഒരു ദിവസത്തേക്ക് ഗുജറാത്ത് അസംബ്ലിയിൽ എംഎൽഎ ആകാനാണ് കുട്ടികള്‍ക്ക് അവസരം ലഭിച്ചത്.
ജൂലൈ 2നാണ് ഗുജറാത്ത് അസംബ്ലിയിൽ ഇത്തരമൊരു പരിപാടി അരങ്ങേറുക. നിലവിലെ എംഎൽഎമാർ സന്ദർശക ഗ്യാലറിയിലിരുന്ന് നടപടിക്രമങ്ങൾ വീക്ഷിക്കുമ്പോൾ കുട്ടി എംഎൽഎമാർ പ്രത്യേക സമ്മേളനം നടത്തും. മുഖ്യമന്ത്രി, സഹസാമാജികർ, ഭരണകക്ഷി എംഎൽഎമാർ, പ്രതിപക്ഷ എംഎൽഎമാര്‍ എന്നിവര്‍ വിദ്യാര്‍ഥികളില്‍ നിന്നുതന്നെയാവും. സഭ നിയന്ത്രിക്കാന്‍ സ്‌പീക്കറായും വിദ്യാര്‍ഥി പ്രതിനിധിയുണ്ടാകും.
10 മുതൽ 12 വരെ ക്ലാസിലെ വിദ്യാർഥികളെയാണ് ഇതിനായി തെരഞ്ഞെടുക്കുക. സംസ്ഥാനത്തെ നിയമനിർമാണ സമിതിയുടെ നടപടികളും നിയമങ്ങളും വിദ്യാർഥികൾക്ക് പരിചയപ്പെടുത്താൻ അഹമ്മദാബാദ് ആസ്ഥാനമായുള്ള എൻജിഒ നടത്തിയ അഭ്യർഥനയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സെഷൻ.
സഭയിലെ ഒരു സാധാരണ ദിവസം എന്നതുപോലെ വിദ്യാർഥികൾ നടപടിക്രമങ്ങൾ നടത്തും. ഈ പ്രത്യേക വിദ്യാർഥി സമ്മേളനത്തിന് സാക്ഷ്യം വഹിക്കാൻ സമൂഹത്തിന്‍റെ വിവിധ വിഭാഗങ്ങളിലുള്ള 400 പേരെ ക്ഷണിക്കും. ഗുജറാത്ത് നിയമസഭയിൽ ഇത്തരമൊരു പരിപാടി ആദ്യമായാണെങ്കിലും രാജസ്ഥാൻ നിയമസഭയിൽ സമാനമായ സെഷൻ നേരത്തെ നടത്തിയിട്ടുണ്ട്.