ചെന്നൈ: ദേശീയ ഡോക്‌ടേഴ്‌സ് ദിനത്തില്‍ തമിഴ്‌നാട്ടിലെ നെല്ലായി ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാ വര്‍ഷവും വിവിധ ബോധവത്‌കരണ പരിപാടികള്‍ നടത്താറുണ്ട്. എന്നാല്‍, ഇത്തവണത്തെ ഡോക്‌ടേഴ്‌സ് ദിനത്തില്‍ നെല്ലായിലെ വെല്‍സ് സ്‌കൂളില്‍ വ്യത്യസ്‌ത പരിപാടിയാണ് നടത്തിയത്. സ്‌കൂള്‍ കുട്ടികള്‍ ഡോക്‌ടര്‍മാരുടെ വേഷം ധരിച്ച് കഴുത്തില്‍ സ്റ്റെതസ്‌കോപ്പും തലയില്‍ സര്‍ജിക്കല്‍ മാസ്‌ക്കുമെല്ലാം ധരിച്ച് നേരെ കലക്‌ടറെ കാണാന്‍, കലക്‌ടറേറ്റിലെത്തിയാണ് ഇക്കുറി വ്യത്യസ്‌തത തീര്‍ത്തത്.
കലക്‌ടറേറ്റിലെത്തിയപ്പോഴാണ് ജില്ല കലക്‌ടര്‍ കാര്‍ത്തികേയന്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ വിവരം അറിഞ്ഞത്. കുട്ടികളുമായി കലക്‌ട്രേറ്റിലെത്തുമെന്ന വിവരം നേരത്തെ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നില്ല. സാധാരണ ഇത്തരം സന്ദര്‍ശങ്ങളുണ്ടാകുമ്പോള്‍ അസിസ്റ്റന്‍റ് കലക്‌ടറോട് സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിക്കാറുണ്ട്. മുന്‍കൂട്ടി അറിയിക്കാത്തത് കൊണ്ട് ഓഫിസില്‍ ഏറെനേരം വിദ്യാര്‍ഥികള്‍ കലക്‌ടര്‍ക്കായി കാത്തിരുന്നു.
വിദ്യാര്‍ഥികളെത്തിയ വിവരം അറിഞ്ഞ് തൊട്ടടുത്ത ഓഫിസിലെ അസിസ്റ്റന്‍റ് കലക്‌ടര്‍ ഗോകുല്‍ കലക്‌ടര്‍ കാര്‍ത്തികേയനുമായി ബന്ധപ്പെട്ടപ്പോഴാണ് വേഗത്തില്‍ തിരികെയെത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചത്. ഇതോടെ നിരാശരായി മടങ്ങേണ്ടിവരുമെന്നായി. രണ്ട് മണിക്കൂര്‍ ഓഫിസിന് മുന്നില്‍ കലക്‌ടര്‍ക്കായി കാത്തിരുന്ന വിദ്യാര്‍ഥികള്‍ നിരാശരായി മടങ്ങരുതെന്ന് അസിസ്റ്റന്‍റ് കലക്‌ടര്‍ പറഞ്ഞു.
തുടര്‍ന്ന് ഓഫിസിന് മുന്നില്‍ കാത്തിരുന്ന വിദ്യാര്‍ഥികളെ അസിസ്റ്റന്‍റ് കലക്‌ടര്‍ മുറിയിലേക്ക് വിളിച്ചുവരുത്തി. കേരളത്തിലെ തിരുവനന്തപുരം സ്വദേശിയാണ് കാഴ്‌ച പരിമിധിയുള്ള സബ് കലക്‌ടര്‍ ഗോകുല്‍. ഏറെ അനുകമ്പയോടെ വിദ്യാര്‍ഥികളെ അടുത്ത് വിളിച്ചിരുത്തിയ ഗോകുല്‍ വിദ്യാര്‍ഥികളോട് കുശലം പറഞ്ഞു. ഡോക്‌ടര്‍മാരുടെ വേഷത്തിലെ കുട്ടികളെ അദ്ദേഹം അഭിനന്ദിച്ചു.
കാഴ്‌ച പരിമിതി ഒരു വൈകല്യമല്ലെന്ന് തെളിയിച്ച അസിസ്റ്റന്‍റ് കലക്‌ടറുമായുള്ള കൂടിക്കാഴ്‌ച വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രചോദനമാകുമെന്ന് അധ്യാപകര്‍ പറഞ്ഞു. അസിസ്റ്റന്‍റ് കലക്‌ടറുമായി ഏറെ നേരം സംസാരിച്ച വിദ്യാര്‍ഥികള്‍ ഒടുക്കം സന്തോഷത്തോടെ മടങ്ങി. 2021ൽ യുപിഎസ്‌സി പരീക്ഷ പാസായ ഗോകുല്‍ തന്‍റെ ജോലിക്കായി തമിഴ്‌നാട് തെരഞ്ഞെടുക്കുകയായിരുന്നു. 2022 നവംബർ മുതൽ തിരുനെൽവേലി അസിസ്റ്റന്‍റ് കലക്‌ടറായാണ് അദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്.
ദേശീയ ഡോക്‌ടേഴ്‌സ് ദിനം: ഇന്ന് (ജൂലൈ ഒന്ന്) ദേശീയ ഡോക്‌ടേഴ്‌സ് ദിനം (National Doctors day). പൊതുജനങ്ങള്‍ക്ക് വേണ്ടി മുഴുവന്‍ സമയവും ചെലവഴിക്കുന്ന ഡോക്‌ടര്‍മാരെ അഭിനന്ദിക്കുന്നതിനും പ്രശംസിക്കുന്നതിനുമുള്ള ദിനമാണിന്ന്. തങ്ങളുടെ കടമകൾ നിറവേറ്റുകയും രോഗികൾക്ക് മികച്ചതും നിസ്വാർഥവുമായ സേവനം നൽകുകയും ചെയ്യുന്നവരാണ് ഡോക്‌ടർമാർ. സമൂഹത്തിന്‍റെ ആരോഗ്യത്തിനായി പ്രവർത്തിക്കുന്ന ഡോക്‌ടർമാരുടെ പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കാനുള്ള ദിനം കൂടിയാണ് ദേശീയ ഡോക്‌ടേഴ്‌സ് ദിനം.