ജയ്‌പൂർ : രാജസ്ഥാനിലെ ഷാഹ്‌പുരയ്‌ക്കടുത്ത ഖോരലദ്‌ഖാനിയില്‍ അഞ്ചുവയസുകാരിയ്‌ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. പല്ലും നഖവുംകൊണ്ട് കുട്ടിയുടെ നെഞ്ചിലേറ്റ ആക്രമണത്തില്‍ ശ്വാസകോശത്തിൽ ദ്വാരമുണ്ടായി. നിലവിൽ, ജെകെ ലോൺ ആശുപത്രിയിലുള്ള ബാലികയെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കി.
പെൺകുട്ടിയുടെ നെഞ്ചിൽ പലതവണ കടിയേറ്റിട്ടുണ്ട്. ശ്വാസകോശത്തിലെ ദ്വാരത്തിലൂടെ വായു പുറത്തേക്ക് പോയതിനെ തുടര്‍ന്നാണ് അടിയന്തര സര്‍ജറിയ്‌ക്ക് വിധേയമാക്കിയത്. ഈ അവസ്ഥയെ ന്യൂമോത്തോറാക്‌സ് (Pneumothorax) എന്നാണ് വിളിക്കുന്നതെന്നും ഡോ. അരവിന്ദ് ശുക്ലയുടെ യൂണിറ്റിൽ പെൺകുട്ടിയ്‌ക്ക് ചികിത്സ തുടരുകയാണെന്നും ജെകെ ലോൺ ഹോസ്‌പിറ്റൽ അഡീഷണൽ സൂപ്രണ്ട് ഡോ. മനീഷ് ശർമ പറഞ്ഞു.
ബാലികയുടെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ചെസ്റ്റ് ട്യൂബ് നിലനിർത്തിയിട്ടുണ്ട്. ആന്‍റിബയോട്ടിക്കുകളും ഫിസിയോതെറാപ്പിയും കുട്ടിയുടെ ബുദ്ധിമുട്ടുകള്‍ മാറ്റാന്‍ ഇടയാക്കും. എത്ര ദിവസത്തിനുള്ളിൽ കുട്ടി സുഖം പ്രാപിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. പരിക്കേറ്റ ശേഷം കടുത്ത ശ്വാസതടസമുണ്ടായിരുന്നു. എന്നാല്‍ ശസ്‌ത്രക്രിയയ്ക്ക് ശേഷം ശ്വസിക്കാൻ കഴിയുന്നുണ്ട്. അതേസമയം, പെൺകുട്ടിയെ ആക്രമിച്ച തെരുവുനായ കഴിഞ്ഞ ദിവസങ്ങളിൽ പത്തിലധികം പേരെ ആക്രമിച്ചിരുന്നു. ഇത് പ്രദേശവാസികൾക്കിടയിൽ പരിഭ്രാന്തി സൃഷ്‌ടിച്ചിട്ടുണ്ട്.