ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ മുഖ്യധാര രാഷ്‌ട്രീയ പാര്‍ട്ടികളുടെ സഖ്യമായ പീപ്പിൾസ് അലയൻസ് ഫോർ ഗുപ്‌കര്‍ ഡിക്ലറേഷന്‍ (പിഎജിഡി) ഭിന്നിപ്പിലേയ്ക്കെന്ന് സൂചന. ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന് ശേഷമാണ് സഖ്യത്തില്‍ ഭിന്നത രൂക്ഷമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഭ്യൂഹങ്ങള്‍ക്ക് പിന്നില്‍
ജൂണ്‍ 28ന് സഖ്യം യോഗം ചേരാനിരുന്നതാണെങ്കിലും പിഡിപി പ്രസിഡന്‍റ് മെഹ്ബൂബ മുഫ്‌തിയ്ക്ക് പങ്കെടുക്കാനാകാത്തതിനാല്‍ റദ്ദാക്കുകയായിരുന്നു. എന്നാല്‍ അതേ ദിവസം ത്രാലിലെ വെടിവെയ്പ്പിനിടെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ മെഹ്ബൂബ മുഫ്‌തി എത്തി. ഇതേതുടര്‍ന്നാണ് സഖ്യത്തില്‍ ഭിന്നിപ്പുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.
Also read: ജമ്മു കശ്മീര്‍ വീണ്ടും സംസ്ഥാനം; 'പ്രത്യേക പദവി' തീരുമാനമായില്ല
സര്‍വകക്ഷി യോഗത്തില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സംബന്ധിച്ചും കശ്‌മീര്‍ വിഷയത്തില്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്തുന്നതിനെ കുറിച്ചും സഖ്യത്തിലെ രണ്ട് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയ്‌ക്കുമിടയില്‍ വ്യത്യസ്ഥ അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. ഇതാണ് നിലവിലെ അവസ്ഥ കൂടുതല്‍ വഷളാക്കിയതെന്നാണ് സൂചന.
വ്യത്യസ്ഥ അഭിപ്രായങ്ങള്‍
ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിക്കാനും കശ്‌മീര്‍ വിഷയത്തില്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്താനും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മെഹ്‌ബൂബ മുഫ്‌തി പറഞ്ഞിരുന്നു. ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സുപ്രീം കോടതിയിലാണെന്നും രാജ്യത്തെ നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നുമായിരുന്നു നാഷണല്‍ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്‍റ് ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം. എന്നാല്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്തുന്നതിനെ കുറിച്ച് ഒമര്‍ അബ്ദുള്ള പരാമര്‍ശിച്ചില്ല.
Read more: ജമ്മു കശ്മീർ നേതാക്കളുമായി പ്രധാനമന്ത്രിയുടെ സർവകക്ഷി യോഗം ഇന്ന്
അതേസമയം, സഖ്യം സജീവമാണെന്ന് ഗുപ്‌കര്‍ സഖ്യത്തിന്‍റെ കോര്‍ഡിനേറ്ററും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഹസ്നെയ്ന്‍ മസൂദിയും പിഎജിഡിയുടെ ഭാഗമായി തുടരുമെന്ന് മെഹ്ബൂബ മുഫ്‌തിയും പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്നാണ് 2020 ഒക്ടോബര്‍ 15 ന് ആറ് മുഖ്യധാരാ പാർട്ടികളുടെ സഖ്യമായ പിഎജിഡി അഥവാ ഗുപ്ത്കർ സഖ്യം രൂപീകരിച്ചത്.