മുംബൈ: മഹാരാഷ്‌ട്രയിലെ ശിവസേന പിളര്‍പ്പിന് പിന്നാലെ ഷിന്‍ഡെ താക്കറെ വിഭാഗം എംഎല്‍എമാര്‍ക്ക് എതിരായ അയോഗ്യത ഹര്‍ജികളില്‍ മറുപടി തേടി നിയമസഭ സ്‌പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍. സംഭവത്തില്‍ മറുപടി നല്‍കാന്‍ ഏഴ് ദിവസം സമയമാണ് അനുവദിച്ചിട്ടുള്ളത്. അയോഗ്യതയ്‌ക്ക് എതിരെയുള്ള നടപടി ഒഴിവാക്കുന്നതിനായി മുഴുവന്‍ തെളിവുകളും ഹാജരാക്കാനും നിര്‍ദേശം.
തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും ശിവസേനയുടെ ഭരണഘടന പതിപ്പ് ലഭിച്ചതായി സ്‌പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടികള്‍ വേഗത്തിലാക്കാനുള്ള നിര്‍ദേശം. വിഷയത്തില്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെയും ഉദ്ധവ് താക്കറെയും നേരിട്ട് വിളിപ്പിച്ച് തെളിവുകള്‍ ഹാജരാക്കാന്‍ സ്‌പീക്കര്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
ഷിന്‍ഡെ വിഭാഗത്തിലെ 40 എംഎല്‍എമാര്‍ക്കും താക്കറെ വിഭാഗത്തിലെ 14 എംഎല്‍എമാര്‍ക്കുമാണ് അയോഗ്യത നോട്ടിസ് ലഭിച്ചിട്ടുള്ളത്. എംഎല്‍എമാര്‍ക്കെതിരായ അയോഗ്യത ഹര്‍ജികളിലെ നടപടികള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് നിയമസഭ സ്‌പീക്കറോട് ആവശ്യപ്പെടണമെന്നറിയിച്ച് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. താക്കറെ വിഭാഗം എംഎല്‍എ സുനില്‍ പ്രഭുവാണ് ഇത് സംബന്ധിച്ചുള്ള ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിക്കപ്പെടുന്ന ഏക്‌നാഥ് ഷിന്‍ഡെയുടെയും അദ്ദേഹത്തിന്‍റെ വിഭാഗത്തിലെ മറ്റ് എംഎല്‍എമാരുടെയും ഭാവി തീരുമാനിക്കാന്‍ മെയ് 11ന് സ്‌പീക്കറോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. 2022 ജൂണില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും മറ്റ് എംഎല്‍എമാരും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെയ്‌ക്കെതിരെ നടത്തിയ വിമത നീക്കം ഒടുക്കം സര്‍ക്കാറിന്‍റെ തകര്‍ച്ചയിലാണ് കലാശിച്ചത്. വിമത നീക്കത്തിന് പിന്നാലെ മഹാ വികാസ് അഘാഡി ( എംവിഎ) തകര്‍ന്നതോടെ ഏക്‌നാഥ് ഷിന്‍ഡെയും വിമത നിയമസഭാംഗങ്ങളും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയുമായി കൈകോര്‍ക്കുകയും ചെയ്‌തു.
സുപ്രീം കോടതിയില്‍ സുനില്‍ പ്രഭു സമര്‍പ്പിച്ച ഹര്‍ജി: വിഷയവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് (ജൂലൈ 4) താക്കറെ വിഭാഗം എംഎല്‍എ സുനില്‍ പ്രഭു സുപ്രീം കോടതിയെ സമീപിച്ചത്. മഹാരാഷ്‌ട്ര നിയമസഭയിലെ കുറ്റവാളികളായ അംഗങ്ങള്‍ക്കെതിരെ താക്കറെ വിഭാഗം നല്‍കിയ അയോഗ്യത ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പ്പിക്കാതെ സ്‌പീക്കര്‍ മനപൂര്‍വ്വം വൈകിപ്പിക്കുകയാണെന്നും നടപടികള്‍ വേഗത്തിലാക്കണമെന്നും ഹര്‍ജിയില്‍ പ്രഭു പറഞ്ഞു. ഹര്‍ജികളില്‍ സമയബന്ധിതമായി നടപടിയെടുക്കാന്‍ സ്‌പീക്കറോട് കോടതി നിര്‍ദേശിക്കണമെന്നും ഹര്‍ജികളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നെങ്കിലും സ്‌പീക്കര്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
also read: വിജയത്തോടടുത്ത് വിമതർ ; ക്യാമ്പിൽ 37ൽ അധികം ശിവസേന എംഎൽഎമാർ, വീഡിയോ പുറത്തുവിട്ട് ഷിൻഡെ