ന്യൂഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ സോണിയാ ഗാന്ധി ഇടപെടുന്നു. മന്ത്രിസഭാ വികസനം, ബോര്‍ഡ് അംഗങ്ങളുടെ നിയമനം എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട്- സച്ചിന്‍ പൈലറ്റ് തര്‍ക്കം പരിഹരിക്കാന്‍ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും സംസ്ഥാനത്തിന്‍റെ ചുമതലയുള്ള അജയ് മാക്കനും ജയ്പൂരിലെത്തി.
ഇരു പക്ഷവുമായി നേരത്തെ തന്നെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏകദേശ തീരുമാനമായതാണ് റിപ്പോര്‍ട്ട്. ഇതുറപ്പിക്കാനാണ് എഐസിസി നേതാക്കള്‍ ജയ്പൂരിലെത്തിയത്. വരും ദിവസങ്ങളില്‍ തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുമെന്നാണ് അടുത്ത വ്യത്തങ്ങള്‍ നല്‍കുന്ന സൂചന.
മന്ത്രിസഭയില്‍ 30ല്‍ ഒമ്പത് ഒഴിവുകളാണ് നിലവിലുള്ളത്. ഇതില്‍ പൈലറ്റ് പക്ഷത്ത് നിന്നുള്ള എംഎല്‍എമാരോടൊപ്പം സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന ബിഎസ്‌പിയേയും സ്വതന്ത്ര എംഎല്‍എമാരെയും പരിഗണിച്ചേക്കുമെന്നും ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. ഒത്ത് തീര്‍പ്പിന്‍റെ ഭാഗമായി സച്ചിന്‍ പൈലറ്റിന് എഐസിസി പദവിയും ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
also read: ജാര്‍ഖണ്ഡിലെ സഖ്യ സര്‍ക്കാരിനെതിരെ അട്ടിമറി ശ്രമം; മൂന്ന് പേര്‍ പിടിയില്‍
എഐസിസി മുന്നോട്ട് വെച്ച പുതിയ ഫോര്‍മൂല ഇരു നേതാക്കളും അംഗീകരിച്ചതായാണ് അടുത്ത വ്യത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം സോണിയാ ഗാന്ധി അശോക് ഗഹ്‌ലോട്ടിനെ ഫോണില്‍ ബന്ധപ്പെടുകയും സച്ചിന്‍ പൈലറ്റിനോട് പ്രിയങ്കാ ഗാന്ധിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സംസാരിക്കുകയും ചെയ്തിരുന്നു.