ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ നാടോടി കുടുംബത്തിന് ഇന്ത്യന്‍ സൈന്യത്തിന്‍റെ കൈത്താങ്ങ്. മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് 11000 അടി ഉയരമുള്ള നാഗിൻസൂർ കുന്നിന്‍പ്രദേശത്ത് ഭക്ഷണവും വെള്ളവും ഇല്ലാതെ കുടുങ്ങികിടക്കുകയായിരുന്ന ബക്കർവാൾ കുടുംബത്തിനാണ് സൈന്യം സഹായവുമായി എത്തിയത്. ഒരു ദിവസം യാത്ര ചെയ്‌താണ് സൈനീകര്‍ കുടുംബം താമസിക്കുന്ന സ്ഥലത്തെത്തിയത്. ബഷീർ അഹമ്മദും ഭാര്യയും മൂന്ന് മക്കളും ഒരു കൂട്ടം മൃഗങ്ങളും കതുവയിൽ നിന്ന് മർവ വാലിയിലെ നവപഞ്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. പെട്ടന്നുണ്ടായ മഞ്ഞ് വീഴ്ചയില്‍ ഇവര്‍ കുടുങ്ങിപോവുകയായിരുന്നു. ഛത്രു സബ് ഡിവിഷനില്‍ ഉള്‍പ്പെടുന്ന ബന്ദര്‍കട്ടിലെ ഗുജ്ജര്‍ ബകര്‍വാള്‍ ചെക് പോസ്റ്റിലേക്ക് ബഷീര്‍ ഫോണ്‍ വിളിച്ചതിനെ തുടര്‍ന്നാണ് കുടുംബം കുടുങ്ങി കിടക്കുന്ന വിവരം സൈന്യം അറിഞ്ഞതെന്ന് കരസേന വക്താവ് വ്യക്തമാക്കി. ഫോണ്‍ സന്ദേശം എത്തിയ ഉടന്‍ സൈന്യം സഹായവുമായി പുറപ്പെട്ടു.
ഏകദേശം 24 മണിക്കൂറിന് ശേഷമാണ് മോശം കാലാവസ്ഥയെ അതിജീവിച്ച് സൈനികർ കുടുംബത്തെ കണ്ടെത്തിയതെന്നും വക്താവ് പറഞ്ഞു. കുടുംബത്തിന് ആവശ്യമായ ഭക്ഷണവും മരുന്നും അവശ്യവസ്തുക്കളും നൽകി. സഹായവുമായി ഓടിയെത്തിയ സൈന്യത്തിന് ബക്കര്‍വാള്‍ കുടുംബം നന്ദി അറിയിച്ചു.
Also read: ഡല്‍ഹിയില്‍ ഇന്ന് 4,524 പേര്‍ക്ക് കൊവിഡ്; 340 മരണം