ജോഷിമഠ് : ഭൂമി ഇടിഞ്ഞുതാഴുകയും വിള്ളലുകളുണ്ടാവുകയും ചെയ്‌ത ഉത്തരാഖണ്ഡിലെ ചാമോലിയിലെ ജോഷിമഠില്‍ നിന്ന് കരസേനയുടെ ചില ട്രൂപ്പുകളെ മാറ്റിയതായി റിപ്പോര്‍ട്ട്. സ്ഥലത്തുനിന്നും ആകെ എത്ര സൈനികരെയാണ് മാറ്റിയത് എന്നതിന്‍റെ കൃത്യമായ വിവരം നല്‍കാനാവില്ലെന്ന് കരസേന മേധാവി മനോജ് പാണ്ഡെ പറഞ്ഞു. സൈനിക ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'ജോഷിമഠിന് ചുറ്റും 20 സൈനിക സ്ഥാപനങ്ങളാണ് നിലനിന്നിരുന്നത്. അവയ്‌ക്ക് ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചു. ചില ട്രൂപ്പുകളെ മാറ്റി. ആവശ്യമെങ്കില്‍ കൂടുതല്‍ യൂണിറ്റുകളെ മാറ്റി പാര്‍പ്പിക്കും. നിലവില്‍ സൈന്യത്തിന്‍റെ പ്രവര്‍ത്തനം മാറ്റമില്ലാതെ തുടരുന്നു' - മനോജ് പാണ്ഡെ അറിയിച്ചു.
കടുത്ത പ്രതിസന്ധി : പ്രശസ്‌ത തീര്‍ഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, ഹേമകുണ്ഡ, സാഹിബ്, അന്താരാഷ്‌ട്ര സ്‌കീയിംഗ് സ്ഥലമായ ഔലി എന്നിവിടങ്ങളിലേയ്‌ക്കുള്ള കവാടമായ ജോഷിമഠ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് വലിയ വെല്ലുവിളി നേരിടുകയാണ്. പരിസ്ഥിതിയ്‌ക്ക് വ്യാപകമായ നാശം സൃഷ്‌ടിച്ച ദുരന്തത്തെ തുടര്‍ന്ന് നൂറ് കണക്കിന് വീടുകള്‍ക്കും റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വിള്ളല്‍ വീണിരിക്കുകയാണ്. ആസൂത്രിതമല്ലാത്ത നിര്‍മാണങ്ങള്‍, അമിതമായ ജനസാന്ദ്രത, ജലത്തിന്‍റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തല്‍, ജലവൈദ്യുത പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഭൂമി ഇടിഞ്ഞ് താഴുവാന്‍ കാരണമായതെന്നാണ് നിഗമനം.
ചൈനയുമായി 3,488 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് ഇന്ത്യന്‍ സൈന്യം തമ്പടിച്ചിരിക്കുന്ന കേന്ദ്രങ്ങളും ജോഷിമഠിന്‍റെ പരിസരപ്രദേശങ്ങളിലുണ്ട്. സൈന്യത്തിന്‍റെ ഏകദേശം, 20,000 അംഗങ്ങള്‍ ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ദുരിതബാധിതര്‍ക്ക് ഇടക്കാല ധനസഹായം : അതേസമയം, ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് ഇടക്കാല ആശ്വാസ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രതിസന്ധിയിലായ ഓരോ കുടുംബത്തിനും അടിയന്തരമായി 1.50 ലക്ഷം രൂപ ഇടക്കാല ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. ഇതിനായി 45 കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 1.50 ലക്ഷം രൂപ എന്നത് ഇടക്കാല ധനസഹായമാണെന്നും മറ്റ് ധനസഹായങ്ങള്‍, ദുരിതബാധിതരെ മാറ്റിപാര്‍പ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.
ജോഷിമഠിന്‍റെ പേരില്‍ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകള്‍ വിനോദ സഞ്ചാരം, തീര്‍ത്ഥാടനം മുതലായവയില്‍ നിന്ന് പ്രധാന വരുമാനം കണ്ടെത്തുന്ന സ്ഥലത്തെ സാധാരണക്കാരായ പ്രദേശവാസികളെ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ശൈത്യകാല ഗെയിമുകള്‍ ഔലിയില്‍ ഫെബ്രുവരിയില്‍ ആരംഭിക്കും. ചാര്‍ ധാം യാത്ര കുറച്ച് മാസങ്ങള്‍ക്കകം നടക്കുമെന്നും മന്ത്രി പറഞ്ഞു.
നഗരം മുഴുവന്‍ നശിക്കുകയാണെന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കും. നഗരം മുഴുവനുമല്ല, പ്രദേശത്തെ 20 മുതല്‍ 25 ശതമാനം ഇടങ്ങളെ മാത്രമാണ് ഈ പ്രതിഭാസം ബാധിച്ചിരിക്കുന്നതെന്നും പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, ദേശീയ ദുരന്തനിവാരണ സേന, വിവിധ രംഗങ്ങളിലെ ശാസ്‌ത്രജ്ഞര്‍ തുടങ്ങിയവരുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആശയവിനിമയം നടത്തി.