ലാഹോര്‍: 1947ലെ ഇന്ത്യ-പാകിസ്ഥാന്‍ വിഭജനത്തിന് പരസ്‌പരം അകന്ന സഹോദരങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ 75 വര്‍ഷത്തിന് ശേഷം കണ്ടുമുട്ടി. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു സിഖ് മതസ്ഥരായ കുടുംബങ്ങളുടെ വൈകാരികമായ കണ്ടുമുട്ടല്‍. ശേഷം, കര്‍ത്തര്‍പൂര്‍ ഇടനാഴിയില്‍ വച്ച് നേരിട്ട കണ്ട ഇരു കുടുംബാംഗങ്ങളും പരസ്‌പരം പാട്ടുപാടിയും പൂക്കള്‍ കൈമാറിയും തങ്ങളുടെ സ്‌നേഹം പങ്കുവച്ചു.
വൈകാരികമായ ഒത്തുചേരല്‍: 75 വര്‍ഷത്തിന് ശേഷമുള്ള ഒത്തുചേരലിനായി ഗുരുദേവ് സിങിന്‍റെയും ദയ സിങിന്‍റെയും കുടുംബങ്ങള്‍ ഇന്നലെ കര്‍ത്തര്‍പൂരിലായിരുന്നു ഒത്തുചേര്‍ന്നത്. പരസ്‌പരം പുണര്‍ന്നും പൂക്കള്‍ നല്‍കിയുമുള്ള ഒത്തുചേരല്‍ തികച്ചും വൈകാരികമായിരുന്നു.
ഹരിയാനയിൽ നിന്നുള്ള രണ്ട് സഹോദരന്മാരും വിഭജന സമയത്ത് അവരുടെ പരേതനായ പിതാവിന്‍റെ സുഹൃത്ത് കരീം ബക്ഷിനൊപ്പം മഹേന്ദ്രഗഡ് ജില്ലയിലെ ഗോംല ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. വിഭജനത്തിന്‍റെ സമയത്ത് കരീം ബക്ഷ് മൂത്ത സഹോദരനായ ഗൗരവ് സിങിനൊപ്പം പാകിസ്ഥാനിലേക്ക് പോയപ്പോള്‍ തന്‍റെ അമ്മയുടെ സഹോദരനുമൊത്ത് ഇളയ സഹോദരനായ ദയ സിങ് ഹരിയാനയില്‍ തുടര്‍ന്നു. പാകിസ്ഥാനിലെത്തിയ ശേഷം, ലാഹോറിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള പഞ്ചാബ് പ്രവിശ്യയിലെ ജാംഗ് ജില്ലയിലേക്ക് ബക്ഷ് മാറിയിരുന്നു. ശേഷം, ബക്ഷ് ഗൗരവ് സിങിന് ഗുലാം മുഹമ്മദ് എന്ന മുസ്‌ലിം പേരും നല്‍കി.
സഹോദരങ്ങളുടെ വേര്‍പിരിയല്‍ ഇങ്ങനെ: ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗുരുദേവ് സിങ് മരണപ്പെടുന്നത്. തന്‍റെ സഹോദരനായ ദയ സിങിനെ കണ്ടുപിടിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ സര്‍ക്കാരിന് ഗുരുദേവ് സിങ് കത്തെഴുതിയിരുന്നതായി മകന്‍ മുഹമ്മദ് ഷരീഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശേഷം, തന്‍റെ പിതൃസഹോദരനെ കണ്ടെത്താന്‍ സമൂഹമാധ്യങ്ങളിലൂടെ ശ്രമം നടത്തിയിരുന്നതായും മുഹമ്മദ് ഷരീഫ് വ്യക്തമാക്കി. അങ്ങനെ സമൂഹമാധ്യമങ്ങളിലൂടെ കണ്ടുമുട്ടിയ ഇരു കുടുംബങ്ങളും കര്‍ത്തര്‍പൂര്‍ സാഹിബില്‍ നേരിട്ടെത്തി കാണാന്‍ തീരുമാനമെടുക്കുകയായിരുന്നു. തന്‍റെ കുടുംബാംഗങ്ങളെ കാണാനും ഹരിയാനയിലെ വീട് സന്ദര്‍ശിക്കാനുമായി വിസ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഷരീഫ് ഇന്ത്യന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു.
സമാന സംഭവം 2022ലും: കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയിലുള്ള സംഭവം നടന്നിരുന്നു. വിഭജനത്തോടെ പരസ്‌പരം അകന്ന സഹോദരങ്ങള്‍ 74 വര്‍ഷങ്ങള്‍ക്ക് ശേഷം കര്‍ത്തര്‍പൂര്‍ ഇടനാഴിയില്‍ വച്ച് കണ്ടുമുട്ടിയിരുന്നു. വിഭജനത്തിന് ശേഷം പാകിസ്ഥാനില്‍ താമസമാക്കിയ മുഹമ്മദ് സിദ്ദിഖും ഇന്ത്യയിലെ പഞ്ചാബിലേക്ക് മാറിയ മുഹമ്മദ് ഹബീബുമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയത്. ഇന്ത്യ-പാക് വിഭജനത്തിന്‍റെ സമയത്ത് മുഹമ്മദ് സിദ്ദിഖ് കൊച്ചുകുട്ടിയായിരുന്നു. വിഭജനത്തോടെ കുടുംബങ്ങള്‍ തമ്മില്‍ പിരിയുകയായിരുന്നു. ശേഷം, സിദ്ദിഖ് പാകിസ്ഥാനിലെ ഫൈസലാബാദിലും മുതിര്‍ന്ന സഹോദരനായ ഹബീബ് ഇന്ത്യയിലെ പഞ്ചാബിലുമാണ് വളര്‍ന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷം, ഇരുവരുടെയും ബന്ധുക്കള്‍ സമൂഹമാധ്യമങ്ങളില്‍ നടത്തിയ തെരച്ചിലിലാണ് സിദ്ദിഖിനെയും ഹബീബിനെയും വീണ്ടും കണ്ടെത്താനും ഒരുമിപ്പിക്കാനും സാധിച്ചത്. കണ്ടുമുട്ടിയതിന് ശേഷം ഇരുവരും പരസ്‌പരം കെട്ടിപ്പുണര്‍ന്ന് കരയുകയും സ്‌നേഹം പങ്കുവയ്‌ക്കുകയും ചെയ്‌തിരുന്നു. ഇന്ത്യയേയും പാകിസ്ഥാനെയും ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് കര്‍ത്തര്‍പൂര്‍.