ന്യൂഡൽഹി: വനിത പ്രീമിയർ ലീഗിലെ താരലേലത്തിൽ ഏറ്റവും മൂല്യമേറിയ താരമായി മാറിയിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ താരം സ്‌മൃതി മന്ദാന. തിങ്കളാഴ്‌ച നടന്ന താരലേലത്തിൽ വാശിയേറിയ ലേലം വിളിക്കൊടുവിൽ 3.4 കോടി രൂപയ്‌ക്ക് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് താരത്തെ സ്വന്തമാക്കിയത്. ഇപ്പോൾ പാകിസ്ഥാൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം തുക കൈപ്പറ്റുന്ന താരങ്ങളെക്കാൾ ഇരട്ടി പ്രതിഫലമാണ് മന്ദാനയ്‌ക്ക് ലഭിച്ചിരിക്കുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന പാകിസ്ഥാൻ നായകൻ ബാബർ അസമിനെക്കാൾ വാർഷിക പ്രതിഫലം സ്‌മൃതി മന്ദാനയ്‌ക്ക് ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പിഎസ്‌എല്ലിൽ ലേലത്തിന് പകരം മുൻനിര താരങ്ങളെ ഡ്രാഫ്‌റ്റിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. ഇതിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരങ്ങളുടെ വിഭാഗമാണ് പ്ലാറ്റിനം
130,000 ഡോളർ (1.1 കോടി) മുതൽ 170,000 ഡോളർ വരെ (1.4 കോടി) വരെയാണ് ഈ വിഭാഗത്തിലുൾപ്പെട്ട താരങ്ങൾക്ക് പ്രതിഫലമായി ലഭിക്കുക. ഈ വിഭാഗത്തിലാണ് ബാബർ അസം ഉൾപ്പെടെയുള്ള താരങ്ങൾ ഇടം പിടിച്ചിരിക്കുന്നത്. പിഎസ്‌എല്ലിൽ പെഷവാർ സാൽമി ടീമിന് വേണ്ടി കളിച്ച ബാബറിന്‍റെ സീസൺ ശമ്പളം 1,50,000 ഡോളർ (1.24 കോടി) ആയിരുന്നു. നിലവിൽ ഇതിന്‍റെ ഇരട്ടിയോളം തുകയാണ് സ്‌മൃതി മന്ദാനയ്‌ക്ക് ലഭിച്ചിരിക്കുന്നത്.
അതേസമയം പിഎസ്‌എല്ലിനെതിരെയും ബാബർ അസമിനെതിരെയും നിരവധി ട്രോളുകളുമായി ഇന്ത്യൻ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. വനിത പ്രീമിയർ ലീഗിൽ ഒരു താരത്തിന് ലഭിക്കുന്ന പ്രതിഫലം പോലും നൽകാൻ കഴിയാത്ത പിഎസ്‌എല്ലിനെയാണോ ഐപിഎല്ലുമായി താരതമ്യം ചെയ്യുന്നത് എന്ന ചോദ്യങ്ങളാണ് ഇന്ത്യൻ ആരാധകർ ഉയർത്തുന്നത്.