യാദഗിരിഗുട്ട : ഓടിക്കൊണ്ടിരുന്ന ഈസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിൽ ( East Coast Express train )നിന്ന് പുക ഉയർന്നു(Smoke in East Coast Express). ഇന്ന് തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലായിരുന്നു സംഭവം. ഹൈദരാബാദിൽ നിന്ന് വാറങ്കലിലേക്ക് പോവുകയായിരുന്ന ഈസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ട്രെയിനിൽ നിന്ന് യാദഗിരിഗുട്ട-വംഗപള്ളിയിൽ എത്തിയപ്പോഴാണ് പുക പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തന്നെ ട്രെയിൻ നിർത്തുകയായിരുന്നു. പുക കണ്ട് ഭയന്ന യാത്രക്കാർ ട്രെയിനിൽ നിന്ന് ഇറങ്ങി ഓടാൻ തുടങ്ങി.(Smoke in East Coast Express triggers panic among passengers) പിന്നീട് പരിശോധനകൾക്ക് ശേഷം തീവണ്ടിയുടെ എയർ പൈപ്പിൽ നിന്നാണ് പുക ഉയർന്നതെന്ന് റെയിൽവേ ജീവനക്കാർ കണ്ടെത്തി. ഉടൻ തന്നെ തീയണക്കാൻ ആയതിനാൽ വലിയ അപകടമാണ് ഒഴിവാക്കാനായത്.
സംഭവം ഇങ്ങനെ: യാത്രയ്‌ക്കിടെ തീവണ്ടിയുടെ എയർ പൈപ്പിൽ നിന്ന് കനത്ത പുക ഉയരാൻ തുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ട്രെയിൻ നിർത്തുകയായിരുന്നു. പരിഭ്രാന്തരായ യാത്രക്കാർ താഴെയിറങ്ങി ഓടാൻ തുടങ്ങി. ഉടൻ തന്നെ റെയിൽവേ ജീവനക്കാർ യാത്രക്കാർക്ക് ജാഗ്രതാനിർദേശം നൽകി. തുടർന്ന് തകരാറുകൾ പരിശോധിക്കുകയും അറ്റകുറ്റപ്പണികൾ നടത്തി പരിഹരിക്കുകയും ചെയ്‌തു.
അൽപസമയത്തിനുശേഷം തന്നെ വണ്ടി വാറങ്കലിലേക്കുള്ള യാത്ര പുനരാരംഭിച്ചു. പുക നിലച്ച് അപകട സാധ്യത പൂർണമായും ഒഴിവായ ശേഷമാണ് യാത്ര തുടർന്നത്. ട്രെയിനിന്‍റെ തകരാർ പരിഹരിച്ചതായും അപകടസാധ്യത പൂർണമായും ഒഴിവാക്കിയതായും റെയിൽവേ ജീവനക്കാർ പിന്നീട് അറിയിച്ചു.
നേരത്തെ, തിരുവനന്തപുരം-ചെന്നൈ സെൻട്രൽ മെയിലിലെ എസി കോച്ചിന്‍റെ ചക്രങ്ങളിൽ നിന്ന് പുക ഉയർന്നതിനെത്തുടർന്ന് യാത്രക്കാർ പരിഭ്രാന്തിയിലായിരുന്നു. ബ്രേക്ക് വിട്ടതിന് ശേഷമുള്ള മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ മൂലം ചക്രങ്ങളുടെ ചലനം തടസ്സപ്പെട്ടതാണ് പുക ഉയരാൻ കാരണമെന്ന് പിന്നീട് കണ്ടെത്തി. ട്രെയിൻ 20 മിനിട്ടോളം വൈകിയതിനെ തുടർന്ന് റെയിൽവേ ജീവനക്കാരുടെ നേതൃത്വത്തിൽ തകരാർ പരിഹരിച്ചു.
കഴിഞ്ഞ നവംബറിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്‌തിരുന്നു. കാൺപൂരിൽ നിന്ന് ഫറൂഖാബാദിലേക്ക് പോവുകയായിരുന്ന കാൺപൂർ-അൻവർഗഞ്ച് എക്‌സ്പ്രസിന്‍റെ ബ്രേക്കുകൾ ചക്രങ്ങളിൽ കുരുങ്ങിയതിനെ തുടർന്ന് വണ്ടി നിലയ്‌ക്കുകയും പുക ഉയരാൻ തുടങ്ങുകയുമായിരുന്നു. ബിൽഹൗർ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം.