പാട്‌ന: കൃത്യവിലോപം നടത്തിയെന്നാരോപിച്ച് സർക്കിൾ ഇൻസ്പെക്ടർ മനീഷ് കുമാർ ഉൾപ്പെടെ ബിഹാറിലെ കിഷൻഗഞ്ചിൽ നിന്നുള്ള ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.
പശ്ചിമ ബംഗാളിലെ പന്തപാഡയിൽ ശനിയാഴ്ച പൊലീസുദ്യോഗസ്ഥർക്കു നേരെ ആൾക്കൂട്ട ആക്രമണം ഉണ്ടായപ്പോൾ ഏഴ് പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷൻ ഹൗസ് ഓഫീസറെ തനിച്ചാക്കി രക്ഷപെട്ടുവെന്ന കേസിലാണ് എസ് പി കുമാർ ആശിഷിന്‍റെ ശുപാർശപ്രകാരം പൂർണിയ റേഞ്ചിലെ ഐജി സുരേഷ് കുമാർ ചൗധരി പൊലീസുകാരെ സസ്പെൻഡ് ചെയ്തത്.
രാജു സാഹ്നി, അഖിലേശ്വർ തിവാരി, പ്രമോദ് കുമാർ പാസ്വാൻ, ഉജ്വാൾ കുമാർ പാസ്വാൻ, സുനിൽ ചൗധരി, സുശീൽ കുമാർ, സർക്കിൾ ഇൻസ്പെക്ടർ മനീഷ് കുമാർ എന്നിവരാണ് സസ്‌പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥർ. വകുപ്പുതല നടപടി സ്വീകരിച്ച ശേഷം ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയും കർശന നടപടി സ്വീകരിക്കുമെന്ന് എസ് പി പറഞ്ഞു.
ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട കുറ്റവാളിയെ പിടികൂടുന്നതിനായി പഞ്ചിപാറ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശത്ത് റെയ്ഡ് നടത്തുന്നതിനിടെ ജനക്കൂട്ടം പൊലീസിനെ ആക്രമിക്കുകയായിരുന്നു. അക്രമികൾ സ്റ്റേഷൻ ഹൗസ് ഓഫീസറെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയും മൃതദേഹം സംഭവസ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. 1994 ബാച്ച് ഇൻസ്പെക്ടറായ പൊലീസ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം ബംഗാളിലെ ഇസ്ലാംപൂർ ആശുപത്രിയിലേക്ക് മാറ്റി.