മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയുമായി സഖ്യത്തിലായി അധികാരത്തിലിരുന്നപ്പോള്‍ ശിവസേനയെ അടിമകളായാണ് പരിഗണിച്ചിരുന്നതെന്ന് സഞ്ജയ് റാവത്ത് എംപി. ശിവസേനയെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമം നടന്നതായും സഞ്ജയ് റാവത്ത് ആരോപിച്ചു. വടക്കൻ മഹാരാഷ്ട്രയിലെ ജൽഗാവില്‍ സേന പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
"മുൻ സർക്കാറിൽ ശിവസേന രണ്ടാം തരക്കാരായിരുന്നു, അടിമകളെപ്പോലെയായിരുന്നു അവർ പെരുമാറിയത്. നമ്മളുടെ പിന്തുണ കാരണം ആസ്വദിച്ച അധികാരം ദുരുപയോഗം ചെയ്ത് നമ്മുടെ പാർട്ടിയെ തന്നെ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നു" റാവത്ത് പറഞ്ഞു.
also read: തമിഴ്‌നാട്ടിൽ കൂടുതൽ ഇളവുകൾ; ചായക്കടകൾക്ക് പ്രവർത്തനാനുമതി
"ശിവന്‍റെ സെെനികര്‍ക്ക് ഒന്നും ലഭിച്ചില്ലെങ്കിലും, സംസ്ഥാന നേതൃത്വം ഇപ്പോൾ ശിവസേനയുടെ കൈയിലാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. ഈ വികാരത്തോടെയാണ് മഹാ വികാസ് അഘാഡി സർക്കാർ രൂപീകരിച്ചത്" റാവത്ത് കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സഞ്ജയ് റാവത്തിന്‍റെ പ്രതികരണം. അതേസമയം 2014 മുതൽ 2019 വരെയാണ് മഹാരാഷ്ട്രയിൽ ശിവസേന ബിജെപിയുമായി അധികാരം പങ്കിട്ടത്. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ സഖ്യം വിജയം വിജയം നേടിയെങ്കിലും മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട തര്‍ക്കം പിളര്‍പ്പിന് കാരണമായി.