മുംബൈ: പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി എൻസിപി കോർ കമ്മിറ്റി തള്ളിയതിന് പിന്നാലെ കോർ കമ്മിറ്റിയുടെ പ്രമേയത്തിൽ മറുപടി നൽകാൻ സാവകാശം തേടി ശരദ് പവാർ. രാജിക്കെതിരെ നേതാക്കളും അണികളും ഒന്നടങ്കം രംഗത്തെത്തിയതോടെ തീരുമാനം പുനഃപരിശോധിക്കാമെന്ന് അദ്ദേഹം സമ്മതിച്ചതായി പവാറിന്‍റെ സഹോദരി പുത്രൻ അജിത് പവാർ നേരത്തെ വ്യക്‌തമാക്കിയിരുന്നു.
തന്‍റെ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിനായി ശരദ് പവാർ നിയോഗിച്ച കോർ കമ്മിറ്റിയാണ് പവാർ സമർപ്പിച്ച രാജി തള്ളിയത്. പവാർ പാർട്ടി അധ്യക്ഷനായി തുടരണമെന്ന പ്രമേയവും കമ്മിറ്റി പാസാക്കി. പവാർ പാർട്ടിയിൽ തുടരണമെന്നും പാർട്ടിയെ മുന്നോട്ട് നയിക്കണമെന്നുമുള്ള ആവശ്യങ്ങൾ ഉയർന്നതോടെയാണ് മുംബൈയിൽ നടന്ന പാർട്ടി യോഗത്തിൽ രാജി കോർ കമ്മിറ്റി തള്ളിയത്.
തന്‍റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനായി ശരദ് പവാര്‍ നിയോഗിച്ച കമ്മിറ്റിയില്‍ അജിത് പവാർ, സുപ്രിയ സുലെ, മുൻ യൂണിയൻ നേതാവ് പ്രഫുൽ പട്ടേൽ, ഭുജ്ബൽ എന്നിവരാണ് ഉണ്ടായിരുന്നത്. അതേസമയം രാജി പ്രഖ്യാപനത്തിന് ശേഷം ചൊവ്വാഴ്‌ച തന്നെ പുതിയ പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാൻ പവാർ പാർട്ടി നേതാക്കളുടെ സമിതിയെ നിയോഗിച്ചതായി എൻസിപി വൈസ് പ്രസിഡന്‍റ് പ്രഫുൽ പട്ടേൽ പറഞ്ഞിരുന്നു.
എന്നാൽ യോഗത്തിൽ ഏകകണ്ഠമായ നിർദേശം പാസാക്കി രാജി നിരസിക്കുകയായിരുന്നു. മറ്റ് പാർട്ടി അംഗങ്ങളെ അറിയിക്കാതെയാണ് ശരദ് പവാർ രാജിവയ്‌ക്കാൻ തീരുമാനിച്ചത്. എൻസിപി നേതാക്കളെ കൂടാതെ, സ്പെക്ട്രത്തിലുടനീളമുള്ള രാഷ്ട്രീയ പാർട്ടി നേതാക്കളും പവാറിനെ സ്ഥാനത്ത് തുടരാൻ അഭ്യർഥിച്ചെന്നും ഇതിന് പിന്നാലെയാണ് കോർ കമ്മിറ്റി രാജി തള്ളിയതെന്നും പ്രഫുൽ പട്ടേൽ വ്യക്‌തമാക്കി.
ALSO READ: രാജ്യരാഷ്ട്രീയത്തിലെ പവര്‍ഹൗസ്, നയതന്ത്രങ്ങളില്‍ രാജശില്‍പ്പി ; പടനായകന്‍ പവാര്‍ പടിയിറങ്ങുമ്പോള്‍
പവാറിന്‍റെ പിന്‍ഗാമിയായി എന്‍സിപി തലപ്പത്ത് മകള്‍ സുപ്രിയ സുലെയോ സഹോദരന്‍റെ മകന്‍ അജിത് പവാറോ എത്തുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് കോര്‍ കമ്മിറ്റി അദ്ദേഹത്തിന്‍റെ രാജി തള്ളിയത്. ഇതിനിടെ സുപ്രിയയെ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് നിയമിക്കുന്നതിനും അജിത് പവാറിനെ മഹാരാഷ്‌ട്രയിലെ പാര്‍ട്ടിയുടെ ചുമതല ഏല്‍പ്പിക്കുന്നതിനും ഉള്ള നീക്കം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അപ്രതീക്ഷിത രാജി: മെയ് രണ്ടിന് തന്‍റെ ആത്മകഥയായ 'ലോക് മജേ സാംഗാതി'യുടെ പ്രകാശന ചടങ്ങിനിടെയാണ് പവാർ അണികളെ ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിത രാജി പ്രഖ്യാപിച്ചത്. രാജ്യസഭാംഗമെന്ന നിലയിൽ ഇനി മൂന്ന് വർഷം ശേഷിക്കുന്നതായും ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും ശരദ് പവാർ പുസ്‌തക പ്രകാശന വേളയിൽ പറഞ്ഞിരുന്നു.
1960 മെയ് ഒന്നിനാണ് താൻ രാഷ്‌ട്രീയ ജീവിതം തുടങ്ങിയത്. ഇത്രയും നീണ്ട രാഷ്‌ട്രീയ ജീവിതത്തിന് ശേഷവും പദവികൾ മുറുകെ പിടിക്കാൻ ആഗ്രഹിക്കുന്നില്ല. സമയമാകുമ്പോൾ ഇറങ്ങണം. അത്യാഗ്രഹം പാടില്ല. ഈ തീരുമാനം കുറച്ച് അസ്വസ്ഥത ഉണ്ടാക്കുമെങ്കിലും എൻസിപി അധ്യക്ഷ സ്ഥാനത്ത് നിന്ന് താൻ പടി ഇറങ്ങുന്നതായി പവാർ അറിയിക്കുകയായിരുന്നു.
ALSO READ: എന്‍സിപി തലപ്പത്ത് പവാര്‍ വേണം; രാജി തള്ളി കോര്‍ കമ്മിറ്റി, പാര്‍ട്ടി അധ്യക്ഷനായി തുടരണമെന്ന് ആവശ്യം