മുംബൈ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയുന്നതിനായി മുതിര്‍ന്ന നേതാവ് ശരദ് പവാര്‍ സമര്‍പ്പിച്ച രാജി തള്ളി കോര്‍ കമ്മിറ്റി. ശരദ് പവാര്‍ പാര്‍ട്ടി അധ്യക്ഷനായി തുടരണമെന്ന പ്രമേയം കമ്മിറ്റി പാസാക്കി. അധ്യക്ഷ സ്ഥാനത്ത് നിന്ന് ശരദ് പവാര്‍ ഒഴിയുന്നത് സംബന്ധിച്ച് എന്‍സിപി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ എതിര്‍പ്പ് നിലനിന്നിരുന്നു.
പവാര്‍ പാര്‍ട്ടിയില്‍ തുടരണമെന്നും പാര്‍ട്ടിയെ മുന്നോട്ട് നയിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മുംബൈയില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ പവാറിന്‍റെ രാജി കോര്‍ കമ്മിറ്റി തള്ളിയത്. തന്‍റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനായി ശരദ് പവാര്‍ നിയോഗിച്ച കമ്മിറ്റിയില്‍ അജിത് പവാർ, സുപ്രിയ സുലെ, മുൻ യൂണിയൻ നേതാവ് പ്രഫുൽ പട്ടേൽ, ഭുജ്ബൽ എന്നിവരാണ് ഉണ്ടായിരുന്നത്.
യോഗത്തില്‍ പവാറിന്‍റെ രാജി തള്ളിക്കൊണ്ട് എന്‍സിപി അധ്യക്ഷനായി അദ്ദേഹം തുടരണമെന്ന പ്രമേയം മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍ അവതരിപ്പിക്കുകയായിരുന്നു. പവാറിന്‍റെ പിന്‍ഗാമിയായി മകള്‍ സുപ്രിയ സുലെയോ സഹോദരന്‍റെ മകന്‍ അജിത് പവാറോ എന്‍സിപി തലപ്പത്ത് എത്തുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് കോര്‍ കമ്മിറ്റി അദ്ദേഹത്തിന്‍റെ രാജി തള്ളിയത്.
ഇതിനിടെ സുപ്രിയയെ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് നിയമിക്കുന്നതിനും അജിത് പവാറിനെ മഹാരാഷ്‌ട്രയിലെ പാര്‍ട്ടിയുടെ ചുമതല ഏല്‍പ്പിക്കുന്നതിനും ഉള്ള നീക്കം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കോര്‍ കമ്മിറ്റി പാസാക്കിയ പ്രമേയം ശരദ് പവാര്‍ അംഗീകരിക്കുമോ എന്നതാണ് രാഷ്‌ട്രീയ ലോകം ഉറ്റുനോക്കുന്നത്.
കോണ്‍ഗ്രസ് വിട്ടതിന് ശേഷം 1999ലാണ് ശരദ് പവാറും സംഘവും എന്‍സിപി രൂപീകരിച്ചത്. 24 വര്‍ഷത്തെ രാഷ്‌ട്രീയ പാരമ്പര്യമുള്ള പാര്‍ട്ടിയുടെ നേതാക്കളെയും പ്രവര്‍ത്തകരെയും അത്‌ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു ശരദ് പവാര്‍ കഴിഞ്ഞ ചൊവ്വാഴ്‌ച തന്‍റെ രാജി പ്രഖ്യാപിച്ചത്. അതേസമയം അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിഞ്ഞാലും പൊതു ജീവിതത്തില്‍ നിന്ന് താന്‍ വിരമിക്കില്ലെന്ന് പവാര്‍ വ്യക്തമാക്കിയിരുന്നു.
അജിത് പവാറും ചില എംഎല്‍എമാരും ബിജെപിയില്‍ ചേരാന്‍ തയ്യാറെടുക്കുന്നു എന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ശരദ് പവാര്‍ രാജി പ്രഖ്യാപിച്ചത്. എന്നാല്‍ ശരദ് പവാര്‍ ഇത്തരം അഭ്യൂഹങ്ങള്‍ നിരസിക്കുകയായിരുന്നു.