ബാന്ദ: ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു, ആറ് പേർക്ക് പരിക്ക്. തിൻഡ്വാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പപ്രെന്ദ റോഡിൽ ഇന്നലെ രാത്രിയോടെയാണ് അപകടം.
ചിത്രകൂടിലെ രാജാപൂരിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കാനെത്തിയ രണ്ട് എസ്‌യുവികൾ പരസ്‌പരം കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പൈലാനി പൊലീസ് സ്റ്റേഷൻ പരിധിയിലെ നിവായ്‌ച്ച്, പിപർഹാരി ഗ്രാമവാസികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ചികിത്സക്കായി ട്രോമ സെന്‍ററിൽ പ്രവേശിപ്പിച്ചു.
അപകട കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഗുജറാത്തിലും അപകടം, ആറ് മരണം: നിയന്ത്രണം നഷ്‌ടപ്പെട്ട ജീപ്പ് നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ ഇടിച്ച് സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ ആറ് പേർ മരിച്ചു. സംജുഭായ് ഫുൽവാദി (50), ദുദാഭായ് റാത്തോഡ് (50), രാധാബെൻ പർമർ (35), കാജൽ പർമർ (59), അമൃത വൻസാര (15), പിനൽബെൻ വൻസാർ (7) എന്നിവരാണ് മരിച്ചത്.
ഫെബ്രുവരി 15ന് ഗുജറാത്തിലെ പാടൻ ജില്ലയിലാണ് സംഭവം. രാധാൻപൂരിന് സമീപം 15 യാത്രക്കാരുമായി വരാഹി ഗ്രാമത്തിലേക്ക് പോവുകയായിരുന്ന മഹീന്ദ്ര ജീപ്പിന്‍റെ ടയർ പൊട്ടി നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ രാധൻപൂരിലെയും പാടാനിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.