മുംബൈ: ഒമിക്രോണ്‍ ഭീതി ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിക്കുകയാണ്. ഇന്നത്തെ വ്യാപരത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ സെന്‍സെക്സ് 1,300 പോയിന്‍റ് ഇടിഞ്ഞു. ആഗോള വിപണിയില്‍ ഓഹരികള്‍ വ്യാപകമായി വിറ്റഴിക്കപ്പെട്ടതിനെ തുടര്‍ന്നാണ് സെന്‍സെക്സ് ഇടിഞ്ഞത്.
നിഫ്റ്റി സൈക്കളോജിക്കല്‍ മാര്‍ക്കായ 16,600 പോയിന്‍റിന് താഴെയായി. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ ഫണ്ടുകള്‍ പിന്‍വലിക്കപ്പെടുന്നത് നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിക്കുകയാണ്.
സെന്‍സെക്സ് സൂചികയില്‍ ബജാജ് ഫിനാന്‍സിന്‍റെ ഓഹരിക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത്. നാല് ശതമാനമാണ് ബജാജ് ഫിനാന്‍സിന്‍റെ ഓഹരിക്ക് നഷ്ടം സംഭവിച്ചത്. ടാറ്റ സ്റ്റീല്‍സ്, എസ്ബിഐ, എന്‍ടിപിസി, എം ആന്‍ഡ് എം, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ ഓഹരികള്‍ക്കും നഷ്ടം സംഭവിച്ചു. അതേസമയം സണ്‍ ഫാര്‍മയുടെ ഓഹരി വില വര്‍ധിച്ചു.
ALSO READ: വിപണിയില്‍ വില കുതിയ്‌ക്കുന്നു; മൂന്നിലൊന്ന് തുക പോലും ലഭിക്കാതെ വട്ടവടയിലെ കര്‍ഷകര്‍
വിദേശ വാണിജ്യ സ്ഥാപനങ്ങള്‍ വ്യാപകമായി ഓഹരികള്‍ വിറ്റഴിക്കുകയാണുണ്ടായത്. 2,069.9 കോടിയുടെ ഓഹരികളാണ് വിദേശ വാണിജ്യ സ്ഥാപനങ്ങള്‍ ഈ കഴിഞ്ഞ വെള്ളിയാഴ്ച വിറ്റഴിച്ചത്.
ഉയര്‍ന്ന പണപ്പെരുപ്പം, കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറയ്ക്കാത്ത സാഹചര്യം, കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നത്, വികസിത രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ചയിലുണ്ടായ കുറവ്, വിദേശ വാണിജ്യ സ്ഥാപനങ്ങള്‍ ഓഹരികള്‍ വിറ്റഴിക്കുന്നത് തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് ഓഹരി വിപണി ഇടിയാന്‍ കാരണമെന്ന് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് സ്ട്രാറ്റജിസ്റ്റ് വി.കെ വിജയകുമാര്‍ പറഞ്ഞു.
വിദേശ വാണിജ്യ സ്ഥാപനങ്ങള്‍ ഓഹരി വിറ്റഴിക്കല്‍ തുടരുകയാണെങ്കില്‍ ഓഹരി വിപണി വീണ്ടും ഇടിയാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഓഹരി വിപണിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന നെഗറ്റീവ് സെന്‍റിമെന്‍റ് നീണ്ടുനില്‍ക്കാന്‍ സാധ്യതയില്ല. ഓമിക്രോണ്‍ വകഭേദം വളരെ വേഗം വ്യാപിക്കുന്നുണ്ടെങ്കിലും അതുണ്ടാക്കുന്ന രോഗം അത്രകണ്ട് തീവ്രമല്ല. അതിനാല്‍ വിദേശ വാണിജ്യ സ്ഥാപനങ്ങള്‍ ഓഹരികള്‍ വീണ്ടും വാങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും വി.കെ വിജയകുമാര്‍ പറഞ്ഞു.
ഏഷ്യയിലെ മറ്റ് പ്രധാന ഓഹരിവിപണികളിലും വലിയ നഷ്ടമാണ് നിക്ഷേപകര്‍ക്ക് സംഭവിച്ചത്. അതേസമയം, ബ്രാന്‍ഡ് ക്രൂഡ് ഓയില്‍ വില 2.45 ശതമാനം ഇടിഞ്ഞ് ബാരലിന് 71.72 യുഎസ് ഡോളറായി.