കോട്ട (രാജസ്ഥാന്‍): ഭാരത് ജോഡോ യാത്രയ്ക്കിടെ രാജീവ് ഗാന്ധി പ്രതിമയില്‍ മാല ചാര്‍ത്താനായി രാഹുല്‍ ഗാന്ധി തയ്യാറെടുക്കുന്നതിനിടെ വേദിക്ക് സമീപം യുവാവിന്‍റെ ആത്‌മഹത്യാശ്രമം. രാജീവ് ഗാന്ധി നഗറില്‍ യുവാവ് തീക്കൊളുത്തിയാണ് ആത്‌മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്ക് വേദിയിലേക്ക് കടക്കാനായില്ല.
സുരക്ഷാകാരണങ്ങളാലാണ് രാഹുല്‍ ഗാന്ധി വേദിയിൽ കയറാതെ വിട്ടുനിന്നത്. പ്രദേശത്ത് വിന്യസിച്ച പൊലീസ് സംഘം തീയണച്ചു. യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൂന്ന് ജോഡി വസ്‌ത്രം ധരിച്ചെത്തിയാണ് യുവാവ് തീ കൊളുത്തിയത്. ഇയാളെ ജലവാർ റോഡിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
താന്‍ രാഹുൽ ഗാന്ധിക്ക് എതിരാണ് എന്ന് ആക്രോശിച്ചുകൊണ്ടാണ് ഇയാള്‍ സ്വയം തീ കൊളുത്തിയത്. പൊലീസും സിഐഡി ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു സംഘം സ്ഥലത്ത് എത്തി ഇയാളെ കുറിച്ചും ആത്‌മഹത്യാശ്രമത്തിന് പിന്നിലെ കാരണത്തെക്കുറിച്ചും വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
രാജസ്ഥാനില്‍ ഭാരത് ജോഡോ യാത്രയുടെ അഞ്ചാം ദിവസമാണ് ഇന്ന്. ജലവാര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന അനന്തപുര സ്വാഗത കവാടത്തിൽ നിന്നാണ് രാവിലെ യാത്ര ആരംഭിച്ചത്. ഇന്ന് 23 കിലോമീറ്റര്‍ സഞ്ചരിച്ച് രാഹുല്‍ ഗാന്ധി സവായ് മധോപൂരിലേക്ക് പ്രവേശിക്കും.