ബസ്‌തര്‍ : ഒരു നക്‌സലൈറ്റ് സംഘത്തിന്‍റെ 2021 ലെ വാര്‍ഷിക ബജറ്റ് കണ്ടെടുത്ത് സുരക്ഷാസേന. ഇവരുടെ കഴിഞ്ഞ വര്‍ഷത്തെ മുഴുവന്‍ സാമ്പത്തിക ചെലവുകള്‍ സംബന്ധിച്ചുള്ള വിശദ രേഖകളാണ് ലഭിച്ചത്. ഛത്തീസ്‌ഗഡിലെ നാരായൺപൂരിലെ കാങ്കർ ജില്ലയിലെ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം സുരക്ഷാസേനയും നക്‌സലൈറ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇവിടുന്നാണ് ബജറ്റ് രേഖ കണ്ടെടുത്തത്.
35 ലക്ഷം രൂപയുടെ കണക്കുകളാണ് ബജറ്റ് ഷീറ്റിലുള്ളത്. മരുന്നിനും മറ്റ് ചികിത്സകള്‍ക്കുമായി 6 ലക്ഷം രൂപയാണ് ചെലവായതെന്ന് അതില്‍ പരാമര്‍ശിക്കുന്നതായി ബസ്‌തര്‍ റേഞ്ച് ഇൻസ്പെക്‌ടര്‍ ജനറൽ സുന്ദർരാജ് പറഞ്ഞു.
ആയുധങ്ങള്‍ക്കും വെടിക്കോപ്പുകള്‍ക്കുമായി 2 ലക്ഷം, യൂണിഫോമിനും ഉപകരണങ്ങൾക്കുമായി 4 ലക്ഷം, റേഷൻ, ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്കായി 3 ലക്ഷം സംഘടനയുടെ പ്രമോഷന്‍ കാര്യങ്ങള്‍ക്കായി 3 ലക്ഷം എന്നിങ്ങനെ ചെലവായി.
ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 2,10,000 രൂപയും മീറ്റിങ്ങുകളും കണ്‍വെന്‍ഷനുകളും നടത്തുന്നതിനായി 52,000 രൂപയും ചെലവഴിച്ചതായാണ് ബജറ്റ് ഷീറ്റില്‍ നിന്ന് വ്യക്തമാകുന്നതെന്ന് സുന്ദർരാജ് പറഞ്ഞു.
ഒരു ഡിവിഷന്‍റെ മാത്രമായ ഈ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ബസ്‌തര്‍ മേഖലയില്‍ തന്നെ നക്‌സലൈറ്റുകളുടെ 8 ഡിവിഷനുകളും രണ്ട് സബ് ഡിവിഷനുകളുമുണ്ട്. ലഭിച്ച കണക്കനുസരിച്ചാണെങ്കില്‍ ഒരു വര്‍ഷം ഇത്തരം സംഘടനകള്‍ കോടികളാണ് ചെലവഴിക്കുന്നതെന്നും ഐജി പറഞ്ഞു.
നക്‌സലൈറ്റ് സംഘടനകള്‍ക്കെതിരായ നടപടികള്‍ തുടരുമെന്നും സുന്ദർരാജ് വ്യക്തമാക്കി.