ന്യൂഡൽഹി: ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിലായിരുന്നെങ്കിൽ മുഖ്യമന്ത്രി പദവി സ്ഥാനത്ത് എത്തിയേനെ എന്നും ബിജെപിയിൽ ചേർന്നതോടെ ബാക്ക്ബഞ്ചറായെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് സംഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് പാർട്ടിയുടെ യൂത്ത് വിംഗിനോട് സംസാരിക്കവെയാണ് രാഹുലിന്‍റെ പരാമർശം.
കോൺഗ്രസ് പ്രവർത്തകരുമായി ചേർന്ന് സംഘടനയെ ശക്തിപ്പെടുത്താനുള്ള അവസരം സിന്ധ്യക്ക് ഉണ്ടായിരുന്നു. താൻ സിന്ധ്യയോട് നിങ്ങൾ മുഖ്യമന്ത്രി ആകുമെന്നും പറഞ്ഞിരുന്നു. എന്നാൽ സിന്ധ്യ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. അദ്ദേഹം ഇനി ഒരിക്കലും മുഖ്യമന്ത്രി ആകില്ല. മുഖ്യമന്ത്രി ആകണമെങ്കിൽ അദ്ദേഹം തിരിച്ച് കോൺഗ്രസിലെത്തണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ മാർച്ചിലാണ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നത്.