മുംബൈ: മഹാരാഷ്‌ട്രയിൽ ഒക്‌ടോബർ നാല് മുതൽ സ്‌കൂളുകൾ തുറക്കുമെന്ന് സർക്കാർ. ഗ്രാമീണ മേഖലയിൽ 5 മുതൽ 12 വരെയുള്ള ക്ലാസുകൾ പുനരാരംഭിക്കുമെന്നും സംസ്ഥാനത്ത് ഉടനീളം 8 മുതൽ 12 വരെയുള്ള വരെയുള്ള ക്ലാസുകൾ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്ക്വാദ് പറഞ്ഞു. താരതമ്യേന കുറവ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ മാത്രമാണ് ഇതുവരെ സ്‌കൂളുകൾ തുറന്നിരുന്നത്.
അതേ സമയം നഗരപ്രദേശങ്ങളിൽ 1 മുതൽ 7 വരെ ക്ലാസുകളും ഗ്രാമപ്രദേശങ്ങളിൽ 1 മുതൽ 4 വരെയുള്ള ക്ലാസുകളും പുനരാരംഭിക്കില്ല. സംസ്ഥാനത്തുടനീളം സ്‌കൂളുകൾ വീണ്ടും തുറക്കുമെങ്കിലും വിദ്യാർഥികൾ സ്കൂളുകളിലെത്തി ക്ലാസുകളിൽ പങ്കെടുക്കണമെന്ന് നിർബന്ധമില്ല. അതേ സമയം വിദ്യാർഥികൾക്ക് സ്കൂളുകളിലെത്തി ക്ലാസുകളിൽ പങ്കെടുക്കണമെങ്കിൽ രക്ഷിതാക്കളുടെ സമ്മതവും ആവശ്യമാണ്.
വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഒരു സർവേ പ്രകാരം 70 ശതമാനത്തിലധികം രക്ഷിതാക്കൾ സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെ അനുകൂലിക്കുകയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.